കോട്ടയം: അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ ഭൂരിപക്ഷം പേരും കൊവിഡ് ദുരിതകാലത്ത് നൽകുന്ന പ്രത്യേക ധനസഹായപരിധിയ്‌ക്കു പുറത്താണ്. ഓട്ടോ ഡ്രൈവർമാരും സ്വകാര്യ ബസ് ജീവനക്കാരും വർക്ക് ഷോപ്പ് ജീവനക്കാരും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമടക്കമുള്ളവർക്ക് ഇത്തരം ഘട്ടങ്ങളിൽ തൊഴിലാളി ക്ഷേമനിധി വഴിയാണ് സഹായ ധനം നൽകാറുള്ളത്. എന്നാൽ, ഇവരിൽ പലരും കൃത്യമായി ക്ഷേമനിധി അടച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരക്കാർക്ക് സഹായം ലഭിക്കില്ല.

സ്വകാര്യ ബസ് ജീവനക്കാർ: ക്ഷേമ നിധി അടച്ചത് 10 ശതമാനം

ജില്ലയിൽ ഒാടുന്ന1200 ഓളം സ്വകാര്യ ബസുകളിൽ ജോലി ചെയ്യുന്നത് ഇരുപതിനായിരത്തോളം പേരാണ്. ഇവരിൽ അയ്യായിരത്തിൽ താഴെ ജീവനക്കാർക്ക് മാത്രമാണ് ക്ഷേമനിധി അംഗത്വമുള്ളത്. ഇവരിൽ തന്നെ പത്തു ശതമാനം മാത്രമേ തവണ മുടങ്ങാതെ ക്ഷേമ നിധി വിഹിതം അടയ്‌ക്കുന്നുള്ളൂ. ഇവർക്കായി ഉടമകൾ അടച്ച വിഹിതം ക്ഷേമനിധി ബോർഡിൽ കെട്ടിക്കിടക്കുകയാണ്. മറ്റു മോട്ടോ‌‌ർ വാഹനങ്ങളിൽ ജോലി ചെയ്യുന്നവരും ക്ഷേമനിധിയുടെ പരിധിയിൽ വരും. എന്നാൽ തൊഴിലാളി വിഹിതം മുടങ്ങിയതോടെ നല്ല പങ്കും ധനസഹായത്തിനു പുറത്താണ്.

ഓട്ടോറിക്ഷാ ഡ്രൈവർമാർ: ക്ഷേമ നിധി അടച്ചത് 10 ശതമാനം

കോട്ടയം ജില്ലയിൽ മാത്രം ഏതാണ്ട് 25000 ത്തോളം ഓട്ടോറിക്ഷകളും ഡ്രൈവർമാരുമുണ്ടെന്നാണ് കണക്ക്. കോട്ടയം നഗരപരിധിയിൽ മാത്രം 2500 ഓട്ടോറിക്ഷകൾ പെർമിറ്റോടെയും അല്ലാതെയും സർവീസ് നടത്തുന്നു. ഇവരിൽ 90 ശതമാനവും തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം എടുക്കുകയോ വിഹിതം കൃത്യമായി അടയ്‌ക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ ഇവരിൽ പലർക്കും ക്ഷേമനിധിയിൽ നിന്നുള്ള സഹായം അന്യമാണ്.

വർക്ക് ഷോപ്പ് ജീവനക്കാർ: ക്ഷേമ നിധി അടച്ചത് 10 ശതമാനം

ഞായറും വ്യാഴവും വർക്ക് ഷോപ്പുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ജില്ലയിൽ ഏതാണ്ട് രണ്ടായിരത്തോളം വർക്ക് ‌ഷോപ്പുകളും 13000 ത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. എന്നാൽ, ഇതിൽ പത്തു ശതമാനം മാത്രമാണ് ക്ഷേമനിധി അടച്ചിരിക്കുന്നതും സഹായം ലഭിക്കാൻ അർഹതയുള്ളതും.

സെയിൽസ്‌മാൻമാർ

തുണിക്കടകളിലും മറ്റു ചെറുകിട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സെയിൽസ്‌മാൻമാർ അടക്കമുള്ളവർക്ക് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് പ്രകാരം ക്ഷേമനിധിയുണ്ട്. ക്ഷേമനിധി കൃത്യമായി അടയ്‌ക്കാൻ മറന്നു പോകുന്നതിനാൽ പലർക്കും കൊറോണക്കാലത്ത് സഹായം ലഭിച്ചിട്ടില്ല.