പൊൻകുന്നം: കൊവിഡ് കാലം കേരളത്തിന്റെ പട്ടിണിയകറ്റുന്നതിൽ ചക്കയുടെ പങ്ക് വലുതാണ്. ദിവസവരുമാനക്കാരായ വലിയൊരു സമൂഹം പണിയില്ലാതായതോടെ സർക്കാർ നൽകുന്ന സൗജന്യറേഷൻ കൊണ്ടാണ് കഴിയുന്നത്. അരി കിട്ടുന്നത് വലിയ ആശ്വാസമാണെങ്കിലും അതുകൊണ്ടു മാത്രമായില്ല. ഈ സാഹചര്യത്തിലാണ് ചക്ക അനുഗ്രഹമാകുന്നത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ മിക്ക വീടുകളിലും ഒരു നേരത്തെ ആഹാരം ചക്ക കൊണ്ടുള്ളതാണ്. അത് ചക്കപ്പഴമോ പുഴുക്കോ ആകാം. ഉച്ചക്ക് ചോറിനുള്ള കൂട്ടാനും ചക്കയില്‍നിന്നുതന്നെ. ചക്കക്കുരു, മാങ്ങ, മുരിങ്ങക്കായ് എന്നിവ ചേർത്തുള്ള കറി മലയാളിയുടെ ഇഷ്ടവിഭവമാണ്. മാർക്കറ്റിൽ കിട്ടുന്ന പച്ചമീനും പച്ചക്കറികളുമൊക്കെ വിഷമയമായതുകൊണ്ട് വിശ്വസിക്കാവുന്ന പോഷകസമ്പുഷ്ടമായ പ്രകൃതിവിഭവങ്ങളാണ് നമ്മുടെ മുറ്റത്തുകിട്ടുന്ന ചക്കയും മാങ്ങയും മുരിങ്ങക്കായുമൊക്കെ.
വീടുകൾതോറും എത്തി ചക്ക സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കയറ്റി അയച്ചിരുന്നവർ അപ്രത്യക്ഷമായതോടെ കൊവിഡ്കാലം കേരളത്തില്‍ ചക്കക്ക് ക്ഷാമമില്ല. സ്വന്തം വീട്ടിൽ ഇല്ലെങ്കില്‍ അടുത്ത വീട്ടിൽ ഉണ്ടാകും. വില വാങ്ങാതെതന്നെ ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കാറുമുണ്ട്. വീട്ടില്‍ വെറുതെ ഇരിക്കുന്ന പുരുഷന്മാര്‍ക്കും ചക്ക വെട്ടി ഒരുക്കുന്നത് ഇപ്പോൾ ഒരു നേരംപോക്കാണ്.
ചക്കക്കുരു തോരൻ, ചക്കക്കുരു മെഴുക്കുപുരട്ടി, ചക്ക അവിയൽ തുടങ്ങി വിവിധ കറികളാണ് ഉണ്ടാക്കാൻ കഴിയുന്നത്. ഇതുമാത്രമല്ല കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടില്‍ നടക്കുന്ന ചക്കമേളകളിലൂടെ ചക്കകൊണ്ട് നിരവധി വിഭവങ്ങളുണ്ടാക്കാൻ വീട്ടമ്മമാർ പഠിച്ചുകഴിഞ്ഞു. ചക്ക വരട്ടിയതും ചക്ക ഉപ്പേരിയുമൊക്കെ പണ്ടുകാലത്തേ മലയാളിയുടെ വീടുകളിൽ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചക്കകൊണ്ടു നിരവധി പുതിയ വിഭവങ്ങള്‍ ഉണ്ടാക്കാമെന്ന് കണ്ടുപിടിച്ച് അവ നമുക്കു പരിചയപ്പെടുത്തിയത് ചക്ക മേളകളാണ്. ചക്കയുടെ മുള്ള് ഒഴിച്ച് ബാക്കിയെല്ലാം ഭഷ്യയോഗ്യമാണ്. പോഷകസമ്പുഷ്ടവുമാണ്. പുട്ടുപൊടി,ചമ്മന്തിപ്പൊടി, മുറുക്ക്, പക്കാവട, ഉണ്ണിയപ്പം, അച്ചാറ്, സ്‌ക്വാഷ്, ജാം, ഹലുവ, ചോക്ക്‌ലറ്റ്, പായസം തുടങ്ങിയവയാണ് ചക്കകൊണ്ടുള്ള പുതിയ വിഭവങ്ങൾ. ചക്ക ഉണക്കി പൊടിയാക്കി കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. പട്ടിണിയകറ്റി കൊവിഡിനെ പ്രതിരോധിക്കാൻ കേരളത്തിന്റെ സ്വന്തം സമ്പൂർണ്ണ ആഹാരം നമുക്ക് സുലഭമാണ്.