പാലാ: വറുതികൾക്കിടയിൽ നിസഹായരുടെ കണ്ണീർ തുടക്കാൻ സേവാഭാരതി രംഗത്തെത്തുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായവരെ സഹായിക്കാൻ പച്ചക്കറി കിറ്റുകളുമായാണ് സേവാഭാരതി എത്തുന്നത്. കണിവെള്ളരിയും കൊന്നപൂവുമായി വിഷുക്കണിക്കും, പപ്പടവും നാളികേരവും അടക്കം വിഷുസദ്യക്കുമുള്ള എല്ലാ കാർഷികവിളകളും ഉൾപ്പെടുത്തിയാണ് കിറ്റ് തയാറാക്കുന്നത്. മീനച്ചിൽ താലൂക്കിലെ അർഹരായ 2000 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുക. മാനവസേവ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റ് നയിക്കുന്ന പാലാ സേവാഭാരതിയുടെ ലോക്ക് ഡൗൺ കാലത്തെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. പലവ്യഞ്ജനങ്ങളുടെ ദൗർലഭ്യമില്ലാതാക്കാൻ 2000 പേർക്കുള്ള കിറ്റ് ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.
പാലാ താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി സൗജന്യ പ്രഭാതഭക്ഷണവിതരണം നടത്തുന്നതോടൊപ്പം ലോക്ക്ഡൗൺ നാളുകളിൽ സ്റ്റാഫുകൾക്കും സേവാഭാരതി ഭക്ഷണം ഒരുക്കുന്നുണ്ട്. താലൂക്ക് ആശുപത്രിക്ക് സമീപം നൂറുകണക്കിന് പേർക്ക് രണ്ടുനേരം ആഹാരം നൽകിവരുന്നു. ലോക്ഡൗൺ തീരുന്നതുവരെ ഭക്ഷണവിതരണം തുടരും. പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും മറ്റ് ഓഫീസുകളിലുമാവശ്യമായ പതിനായിരം മാസ്‌കുകളും സേവാഭാരതി നൽകി.
'അണുവിമുക്തമായ പാലാ'എന്ന സന്ദേശവുമായി പൊതുസ്ഥാപനങ്ങളിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഫയർഫോഴ്‌സുമായി ചേർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ശുചീകരണം നടത്തുന്നുണ്ട്. വീടുകളിൽ കുടുങ്ങി കിടക്കുന്നവരുടെ ആരോഗ്യ രക്ഷ ഉറപ്പാക്കാൻ ആരോഗ്യസേവ എന്ന പേരിൽ ഡോക്ടർമാരോട് ഫോണിൽ ഉപദേശം തേടുന്ന ടെലികോൺഫറൻസ് പദ്ധതിയും സേവാഭാരതി ആരംഭിച്ചിട്ടുണ്ട്. കാരുണ്യപ്രവർത്തനങ്ങൾക്ക് നിരവധിയാളുകൾ സഹായം നൽകുന്നുണ്ടെന്ന് പാലാ സേവാഭാരതി ഭാരവാഹികളായ കെ .എൻ .വാസുദേവൻ, ,ഡി.പ്രസാദ്, റെജി കുന്നനാംകുഴി, വി. മുരളിധരൻ, മനീഷ് ഹരിദാസ്, പ്രവീൺ പാറപ്പിള്ളി, രാജേഷ് പുവരണി, സുനു പാറപ്പിള്ളി, ബിജു കൊല്ലപ്പിള്ളി എന്നിവർ പറഞ്ഞു.