dr-ama
ഡോ: അമീറുദ്ദീൻ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മലയാളി ഡോക്ടറടക്കം രണ്ടുപേർ വിദേശത്ത് മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി ഡോ. അമീറുദ്ദീൻ (73), തലശ്ശേരി ഇല്ലത്ത് താഴെ വാടകയ്ക്ക് താമസിക്കുന്ന പ്രദീപ് സാഗർ(41) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡോ. അമീറുദ്ദീൻ ലണ്ടനിലും പ്രദീപ് സാഗർ ദുബായിലുമാണ് മരിച്ചത്.

കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗവും പരേതനായ ഡോ. മീരാൻ റാവുത്തറുടെ മകനുമാണ് ഡോ. അമീറുദ്ദീൻ. ബക്കിംഗ്ഹാമിൽ സ്ഥിരതാമസക്കാരനാണ്. 1970 മുതൽ ഡോക്ടറായി ജോലി ചെയ്തിരുന്ന അമീറുദ്ദീൻ വിരമിച്ച ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. മൂന്നാഴ്‌ച മുൻപാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്‌കാരം ഇംഗ്ളണ്ടിൽ നടത്തും. ഭാര്യ: ഡോ: ഹസീനാ (കൊല്ലം). മക്കൾ: ഡോ: നെബിൽ, നദീം. സഹോദരങ്ങൾ: ഡോ: സലിം (കാനഡ), ഷംസിയ. കൊവിഡിനെത്തുടർന്ന് യു.കെയിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.

ഇദ്ദേഹത്തിന്റെ പിതാവിന്റെ പേരിൽ തിരുവനന്തപുരം ആസ്ഥാനമായി ഡോ. മീരാൻ റാവുത്തർ മെമ്മോറിയൽ മെഡിക്കൽ ഗൈഡൻസ് സെന്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും എത്തുന്ന രോഗികൾക്ക് ചികിത്സാസഹായവും സൗജന്യ ഭക്ഷണവും താമസസൗകര്യവും ഇവിടെ നൽകുന്നുണ്ട്.

ദുബായ് ടാക്സി കോർപ്പറേഷനിൽ ഡ്രൈവറായ പ്രദീപ് സാഗറിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. അനന്തൻ ഷീബ ദമ്പതികളുടെ മകനാണ്. രോഗം തുടങ്ങിയ സമയത്ത് പ്രദീപിന് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങൾ പരാതിപ്പെട്ടു. പേരാമ്പ്രയിൽ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി വരുന്നതിനിടയിലാണ് പ്രദീപിന്റെ മരണം. ഭാര്യ: ജ്യോതി (പയ്യോളി ). സഹോദരങ്ങൾ: പ്രസീത,പ് രമിത.

മൃതദേഹം ദുബായിൽ സംസ്‌കരിക്കും. പ്രദീപിന്റെ മരണത്തോടെ യു.എ.ഇയിൽ കൊവിഡ്-19 നെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. യു.എ.ഇയിൽ കഴിഞ്ഞയാഴ്ച രണ്ടുമലയാളികൾ മരിച്ചിരുന്നു. ഇതു കൂടാതെ സൗദി അറേബ്യയിലും രണ്ടു മലയാളികൾ കൊവിഡ്-19നെ തുടർന്ന് മരിച്ചു. ഇതോടെ ഗൾഫിൽ കൊവിഡ്-19നെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.