അടിമാലി: ലോക്ക് ഡൗൺ മുതലെടുത്ത് ഏലത്തോട്ട ഉടമകൾ നാട്ടുകാരുടെ കുടിവെള്ളം ചോർത്തിയതിനെ തുടർന്ന് ജലനിധി പദ്ധതിയിൽ അടിമാലി മേഖലയിലെ ശുദ്ധജല വിതരണം മുടങ്ങി.
കൈനഗിരിയിൽ നിന്ന് വെള്ളം കൊങ്ങാട്ടി നൂറാങ്കരയിലുള്ള ടാങ്കിൽ എത്തിച്ച് ശുദ്ധീകരിച്ച് അടിമാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജലം എത്തിക്കുന്നു. ഇതിൽ പെട്ടിമുടി നൂറാങ്കര, തലമാലി മേഖലയിൽ നിന്നാണ് ഏലത്തോട്ട ഉടമകൾ വെള്ളം ചോർത്തുന്നത്. ടാങ്കുകളിൽ നിന്ന് പുറത്തേക്ക് സ്ഥാപിച്ചിട്ടുള്ള വാൽവുകൾ തോട്ടം ഉടമകൾ അടയ്ക്കും. ഇതോടെ ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകും. ഈ ജലം ഹോസ് ഉപയോഗിച്ച് ഏലത്തോട്ടം നനയ്ക്കാൻ ഉപയോഗിക്കും. ജലം ലഭിക്കാതെ വന്നതിനെ തുടർന്ന് ഉപഭോക്താക്കൾ നടത്തിയ അന്വേഷണത്തിലാണ് ജല ചൂഷണം പുറത്തായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ അറിയിച്ചു.