പാലാ : മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് വീട്ടിൽ ചികിത്സയിൽ കഴിയുന്ന വ്യക്തിക്ക് സഹായഹസ്തവുമായി പാലാ ഫയർഫോഴ്‌സ്. പെയിന്റിംഗ് തൊഴിലാളിയും രോഗിയുമായ വിളക്കുമാടം കാവുംപുറത്ത് ജയനാണ് ഫയർഫോഴ്സ് സഹായം എത്തിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് മരുന്നും മറ്റും ലഭിക്കാതെ വന്നതോടെയാണ് ജയൻ തന്റെ ദുരവസ്ഥ ഫയർഫോഴ്സിനെ അറിയിച്ചത്. മൂത്രം പോകാൻ ട്യൂബ് ഇട്ട് കടിപ്പിലാണ് ജയൻ. ഒപ്പം ശ്വാസകോശ രോഗവും അലട്ടുന്നുണ്ട്. ഫയർ സ്റ്റേഷൻ ഓഫീസിലേക്ക് ഫോണിൽ വിളിച്ച ജയൻ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ബിജുവിനെ വിവരങ്ങൾ ധരിപ്പിച്ചു. സഹായം എത്തിക്കുമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പുനൽകുകയും ചെയ്തു. പാലാ ഫയർ സ്റ്റേഷൻ ഓഫീസർ കെ.ആർ. ഷാജിമോന്റെ നിർദേശപ്രകാരം ഉടൻ തന്നെ പാലായിലെ മെഡിക്കൽ ഷോപ്പുകളിൽ അന്വേഷണം നടത്തിയെങ്കിലും മരുന്നും മറ്റും ലഭിച്ചില്ല. ജീവനക്കാരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് നിലയത്തിലെ ജീവനക്കാരനായ രഗേഷിന്റെ സ്വന്തം വാഹനത്തിൽ കോട്ടയത്തുനിന്നും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി ജയന്റെ വീട്ടിലെത്തിക്കുകയായിരുന്നു. എസ്.എഫ്.ആർ.ഒ സതീഷ്‌കുമാർ ജയന് സഹായം കൈമാറി.