കോട്ടയം: ഏറ്റുമാനൂർ ചെറ്റയിൽ അജിത്ത് (53) നിസാരക്കാരനല്ല. ചാരായം വാറ്റാനായി കോട കലക്കിവയ്ക്കുന്ന ദിവസം മുതൽ ഇയാൾ തോക്കുമായി വീട്ടുമുറ്റത്തും പറമ്പിലും റോന്തുചുറ്റും. താൻ വാറ്റുന്ന വിവരം പുറത്തറിയാതിരിക്കാനും ആരും അനാവശ്യമായി വീട്ടിൽ കയറിവരാതിരിക്കാനുമാണ് തോക്കുമായുള്ള ഉലാത്തൽ. പക്ഷേ, അവസാനം തോക്കുസഹിതം ഇയാൾ പൊലീസിന്റെ പിടിയിലായി. വീട്ടിൽ നിന്നും അര ലിറ്റർ ചാരായവും പിടിച്ചെടുത്തു. തോക്കിന് ലൈസൻസ് ഇല്ലായെന്ന് ഏറ്റുമാനൂർ സി.ഐ എ.അൻസാരി വ്യക്തമാക്കി.
ഏറ്റുമാനൂർ-ഈരാറ്റുപേട്ട റോഡിൽ മങ്കര കലുങ്കിന് സമീപം വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് എത്തിയപ്പോൾ ഇയാൾ വാറ്റുകയായിരുന്നു. തൊണ്ടി സഹിതം ഇയാളെ പിടികൂടി. കോട പൊലീസ് മറിച്ചുകളഞ്ഞ് നശിപ്പിച്ചു. വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വീടിനുള്ളിൽ നിന്നാണ് ചാരായം പിടിച്ചെടുത്തത്. ചാരായം ഇരുന്ന മുറിയിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. പഴയ നാടൻ തോക്കാണിത്.നായ്ക്കളെ വെടിവയ്ക്കാനാണ് തോക്ക് വാങ്ങിയതെന്നും ഒരു സുഹൃത്ത് നൽകിയതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.