payipppadu-

കോട്ടയം: നാട്ടിലേക്ക് പോവണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളിൽ വീണ്ടും ഇതേ ആവശ്യം ഉയരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് രാവിലെ ഡ്രോൺ ഉപയോഗിച്ച് പൊലീസ് ആകാശനിരീക്ഷണം നടത്തി. കൂടാതെ റൂട്ട്മാർച്ചും നടത്തി.

രാണ്ടാഴ്ച കഴിയുമ്പോൾ ലോക്ക്ഡൗൺ പിൻവലിക്കുമെന്നാണ് അന്യസംസ്ഥാന തൊഴിലാളികൾ കരുതിയിരുന്നത്. എന്നാൽ രണ്ടാഴ്ചകൂടി ലോക്ക് ഡൗൺ നീട്ടാനാണ് സാദ്ധ്യത. ഇതോടെ നാട്ടിലേക്ക് പോവണമെന്ന് ഇവർ വീണ്ടും മുറവിളി കൂട്ടിത്തുടങ്ങി.

അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിൻ ഏർപ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചിരുന്നു. ഇതോടെയാണ് എങ്ങനെയും നാട്ടിലെത്തണമെന്ന വാശി അന്യസംസ്ഥാന തൊഴിലാളികൾ പ്രകടിപ്പിച്ച് തുടങ്ങിയത്. സർക്കാർ ബസിൽ തങ്ങളെ ബംഗാളിൽ എത്തിക്കണമെന്നാണ് ഇപ്പോൾ ഇവരുടെ ആവശ്യം.

അതേസമയം, ഇവർക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ പായിപ്പാട്ട് എത്തിച്ചു നല്കുന്നുണ്ട്. ഇവർക്ക് ഭക്ഷണത്തെ ക്കുറിച്ച് യാതൊരു പരാതികളുമില്ല. പാലും തൈരും മിൽമ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. 4500 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ പായിപ്പാട്ടുള്ള വിവിധ ക്യാമ്പുകളിൽ കഴിയുന്നത്.