കോട്ടയം: ചൂണ്ടിയിടാൻ പോയ 16 കാരനെ മരിച്ചനിലയിൽ ഇന്ന് രാവിലെ പാറക്കുളത്തിൽ കണ്ടെത്തി. കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നെടുമണ്ണിയിലുള്ള പാറക്കുളത്തിലാണ് നെല്ലളപ്പാറ വൈക്കുന്നിൽ ധർമ്മരാജിന്റെ മകൻ പവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് ചൂണ്ടയുമായി പവൻ പോയതെന്ന് വീട്ടുകാർ പൊലീസിനോട് പറ‌ഞ്ഞു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പവന്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തിയത്. ചങ്ങനാശേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ സ്ഥലത്തെത്തി. ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടത്തിനായി കറുകച്ചാൽ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.