കടുത്തുരുത്തി : ലക്ഷദ്വീപിന്റെ വിവിധ പ്രദേശങ്ങളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്ക് പോയ ആറ് അദ്ധ്യാപകരെയും, രണ്ട് സെക്രട്ടേറിയറ്റ് ജീവനക്കാരെയും കവരത്തിയിൽ നിന്ന് കൊച്ചിയിൽ കപ്പൽ മാർഗം എത്തിക്കാനുള്ള ശ്രമം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കവരത്തി അഡ്മിനിസ്‌ട്രേഷൻ അതോറിറ്റി അദ്ധ്യാപകരെ അറിയിച്ചത് പ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന ഔദ്യോഗിക കത്ത് കൈമാറേണ്ടതുണ്ട്. കൊച്ചിയിൽ എത്തുന്നതിനും, കേരളത്തിൽ എത്തിയാൽ വീട്ടിൽ എത്തിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ ക്രമീകരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള കത്താണ് ലക്ഷദ്വീപ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിലധികമായി ലക്ഷദ്വീപിലെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നവരെ കവറത്തിയിൽ ഒന്നിച്ച് എത്തിക്കുന്നതിന് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്ക് എം.എൽ.എ നന്ദി അറിയിച്ചു.