കോട്ടയം: വിഷു ആഘോഷത്തിനായി സാധനങ്ങൾ വാങ്ങാൻ പച്ചക്കറി മാർക്കറ്റുകളിൽ എത്തിയവർക്ക് പൊലീസിന്റെ വിലക്ക്. തിരക്കു കൂടിയതോടെ പൊലീസ് നിലപാട് കർക്കശമാക്കുകയായിരുന്നു.
ജില്ലയിൽ രോഗികൾ ആരും തന്നെയില്ലെങ്കിലും നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതിനിടെ ഈസ്റ്റർ തലേന്ന് ഇറച്ചി വാങ്ങാൻ ആളുകൾ തിക്കിത്തിരക്കി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷുവിന് നിയന്ത്രണങ്ങൾ കർക്കശമാക്കിയത്.
ഇന്നലെ രാവിലെ മുതൽ തന്നെ പച്ചക്കറി മാർക്കറ്റുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൊലീസ് എത്തിയാണ് പല സ്ഥലത്തും തിരക്ക് നിയന്ത്രിച്ചത്. കോടിമത എം.ജി റോഡിലെ മാർക്കറ്റിൽ നേരത്തെ കടയ്‌ക്കുള്ളിൽ കയറി സാധനങ്ങൾ തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ, ഇന്നലെ ഒരേ സമയം രണ്ടിലധികം ആളുകളെ കയറ്റിയില്ല. കട ഉടമകൾ തന്നെ ഇത് ഉറപ്പാക്കി. എന്നിട്ടും, പരിധി വിട്ട് ആളുകൾ എത്തിയതോടെ പൊലീസിന് ഇടപെടേണ്ടിവന്നു.
കണിവെള്ളരി പത്തു രൂപ കൂടി
കഴിഞ്ഞ ഒരാഴ്‌ച മുൻപ് വരെ ഇരുപത് രൂപ വിലയുണ്ടായിരുന്ന വെള്ളരിയ്‌ക്ക് ഇന്നലെ പത്തു രൂപ കൂടി. ബീൻസ് - 70, പയർ - 70, ഉരുളക്കിഴങ്ങ് - 35, സവാള - 30, പച്ചമുളക് - 40, പടവലം - 30, കാബേജ് - 30, തക്കാളി - 30, മത്തങ്ങ - 25, മുരിങ്ങക്കായ് - 40, വഴുതന - 40 കത്രിക്ക - 40 , മാങ്ങാ - 40, ബീറ്ററൂട്ട് - 50, ക്യാരറ്റ് - 60, ചേന -30, ഇഞ്ചി - 140, വെളുത്തുള്ളി - 150 എന്നിങ്ങനെയാണ് മാർക്കറ്റിലെ വില.
വിഷുവിന് സാധാരണ ഉണ്ടാകുന്നതിന്റെ പത്തിലൊന്ന് തിരിക്കു പോലും ഇക്കുറി ഉണ്ടായില്ല. സാധനങ്ങളുടെ വരവിന് കുറവുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ വിലക്കയറ്റവും ഇല്ല.
കുമാർ, പച്ചക്കറി വ്യാപാരി