കോട്ടയം: വൈകിട്ട് രണ്ടെണ്ണം അടിച്ചില്ലെങ്കിൽ കാലുറയ്ക്കാത്തവരാണ് കോട്ടയംകാരെന്ന അപവാദം ഈ ലോക്ക് ഡൗൺ കാലത്തോടെ തീരുകയാണ്.
അമിതമായി മദ്യപിച്ചിരുന്നവർ പോലും മദ്യം ലഭിക്കാത്ത സാഹചര്യത്തോട് പൊരുത്തപ്പെട്ടതായാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. നല്ലൊരു ശതമാനം മദ്യപരും വിടുതൽ ലക്ഷണങ്ങൾ പിന്നിട്ട് സ്വാഭാവികമായ മാനസികനില കൈവരിച്ചിട്ടുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം രണ്ടാഴ്ച പിന്നിട്ടപ്പോൾ ആദ്യത്തെ ദിവസങ്ങളിലുണ്ടായ ചില അനിഷ്ട സംഭവങ്ങളൊഴികെ കാര്യമായ പ്രശ്‌നങ്ങൾ ജില്ലയിലുണ്ടായില്ല. വ്യാജമദ്യം നിർമിച്ചവർക്കെതിരെ വ്യാപകമായി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വിടുതൽ ലക്ഷണങ്ങൾ മാറി
മദ്യപിച്ചിരുന്നയാൾക്ക് പെട്ടെന്ന് മദ്യം കിട്ടാതാകുമ്പോൾ ഡെലീറിയം ട്രെമൻസ് എന്നറിയപ്പെടുന്ന വിടുതൽ ലക്ഷണങ്ങൾ ഉണ്ടാകാം. കൈയും ശരീരവും വിറയൽ, ഉറക്കം കുറയൽ, മാനസികമായ അസ്വസ്ഥത, അക്രമാസക്തനാകൽ, പരിഭ്രാന്തി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. അപസ്മാരം പോലും ഉണ്ടാകാം.സ്ഥിരമായി അമിത അളവിൽ മദ്യം ഉപയോഗിക്കുന്നവർ, മദ്യത്തോടൊപ്പം മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ, കരൾ രോഗമുള്ളവർ, ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ, എന്തെങ്കിലും വിധത്തിൽ അണുബാധയുള്ളവർ തുടങ്ങിയവരിലാണ് ഇതു കൂടുതൽ പ്രകടമാകുന്നത്. വിടുതൽ ലക്ഷണങ്ങൾ ആദ്യത്തെ പത്തു മണിക്കൂറിനുള്ളിൽ പ്രകടമാകും. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അതു പാരമ്യത്തിലെത്തും. അതു കഴിഞ്ഞ് നാലഞ്ചു ദിവസത്തിനുള്ളിൽ സ്വാഭാവികമായ ശമനമുണ്ടാവുകയും തുടർന്നുള്ള ദിവസങ്ങളിൽ ആസക്തി കുറയുകയും രോഗലക്ഷണങ്ങൾ മാറുകയും ചെയ്യും. ചിലരിൽ ആറു മാസം വരെ ചെറിയതോതിൽ ലക്ഷണങ്ങളുണ്ടാകാം. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ചങ്ങനാശേരിയിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവങ്ങളും ഉണ്ടായെങ്കിലും ഇപ്പോൾ കാര്യങ്ങൾ ശാന്തമാണ്.
ഇനി നിയന്ത്രിച്ചാൽ മദ്യ വിമുക്തരാക്കാം
കടുത്ത മദ്യപരെ മദ്യവിമുക്തരാക്കാൻ ലഭിച്ച സുവർണാവസരമായി ലോക്ക് ഡൗൺ കാലത്തെ കാണാം. വിടുതൽ ലക്ഷണങ്ങളെല്ലാം കഴിഞ്ഞ് ശാരീരികവും മാനസികവുമായ സൗഖ്യം നേടിത്തുടങ്ങുന്ന കാലമാണിനി. കരൾരോഗം ഉൾപ്പെടെ ശാരീരിക പ്രശ്‌നങ്ങളുണ്ടെങ്കിൽ അടിയന്തരമായി ചികിത്സിച്ചു മാറ്റണം. കൃത്യമായി പോഷകാഹാരം നൽകണം. ബി കോംപ്ലക്‌സ് ജീവകങ്ങൾ നൽകണം. എക്സൈസ് വകുപ്പിന്റെ വിമുക്തി കേന്ദ്രത്തിൽ ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.