കൊവിഡ് കാലത്ത് ഉളിയെടുത്ത് സാഹിത്യകാരി

പാലാ: കഥകളിൽ നിന്നും മാറി കൊവിഡ് കാലത്ത് കരവിരുതിന്റെ ശില്പം മെനയുകയാണ് സാഹിത്യകാരി സിജിതാ അനിൽ. തടിവേരുകളിൽ പുതുപുത്തൻ രൂപങ്ങൾ സൃഷ്ടിക്കുന്ന തിരക്കിലാണീ കഥാകാരി. കൊവിഡ് കാലത്ത് കൂട്ടിലടച്ച കിളിയായി സ്വയം തോന്നിയപ്പോഴാണ് സിജിത സ്വന്തം പുരയിടത്തിലേക്കിറങ്ങിയത്. തടിവേരുകൾ കണ്ടപ്പോൾ വിസ്മയ സൃഷ്ടികൾക്കായി സിജിതയുടെ മനസ്സിൽ ഭാവനകൾ ചിറകുവിടർത്തി. പിന്നെ പേന പിടിച്ച കൈകളിൽ ഉളിയും കൊട്ടുവടിയുമെടുത്തു. ചെത്തിയും ചീന്തിയും മിനുക്കിയപ്പോൾ വേരുകളിൽ വിരിഞ്ഞു ശിൽപ്പകലയുടെ സൗന്ദര്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു വേരുകൾക്ക് സിജിത കലയുടെ പുതുജീവനേകി. 'വീടിന്റെ പൂമുഖമുറിയിൽ ഒന്നു രണ്ടെണ്ണം ഇടണം.. ബാക്കിയുള്ളവ സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകാനാണ് ആഗ്രഹം ' കഥാകാരി പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയ സാഹിത്യപ്രതിഭയാണ് സിജിത. വളരെ ചെറുപ്പം മുതൽ തന്നെ കലാരംഗത്തും കഴിവു തെളിയിച്ചിരുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ കഥയിലും കവിതയിലുമായി ആറു പുസ്തകങ്ങളെഴുതി. 'ആത്മബലി ' എന്ന കഥാസമാഹാരത്തിന്റെ ആംഗലേയ പരിഭാഷയായ മൈ കൺട്രീ മൈ സാക്രീഫൈസും , തമിഴ് പരിഭാഷയായ 'എൻ നാട് എൻ ത്യാഗം.'' , സൂര്യനെ പ്രണയിച്ച ഭൂമി എന്ന കവിതാ സമാഹാരത്തിന്റെ ആംഗലേയ പരിഭാഷ 'റോമാൻസ് ഓഫ് എർത്ത് വിത്ത് സൺ' എന്നീ പുസ്തകങ്ങൾ ശ്രദ്ധേയമായി. ആകാശവാണിക്കായി ഒട്ടേറെ ലളിത ഗാനങ്ങളുമെഴുതിയിട്ടുള്ള ഈ സാഹിത്യകാരിക്ക്
ദളിത് സാഹിത്യ അക്കാദമിയുടെ ദേശീയ അവാർഡുകൾ ഉൾപ്പടെ മുപ്പതിൽപ്പരം പുരസ്‌ക്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. കോൽത്തടി വ്യാപാരിയായ പാലാ ഇടമറ്റം ഞൊണ്ടി മാക്കൽ അനിൽ ജോസിന്റെ ഭാര്യയാണ്. കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. സ്‌കൂൾ വിദ്യാർത്ഥികളായ ആദിത്യ, അനവദ്യ, ആരാധ്യ എന്നിവരാണ് മക്കൾ.

ഫോട്ടോ അടിക്കുറിപ്പ്

വേരിലെ രചനയുമായി ' സാഹിത്യകാരി സിജിത അനിൽ