നദീതീരങ്ങളിൽ വൻതോതിൽ മാലിന്യം അ‌ടിയും

പാലാ : മീനച്ചിലാറ്റിലെ തടയണകൾ അശാസ്ത്രീയമായി തുറന്നു വിട്ടാൽ താഴേയ്ക്കുള്ള നദീതീരങ്ങളിൽ മാലിന്യം അടിഞ്ഞ് ഈ മഹാമാരി കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മീനച്ചിലാർ പുനർജനി. ഈരാറ്റുപേട്ട മുതൽ താഴേക്ക് വൻ സംഭരണ ശേഷിയുള്ള നിരവധി ചെക്കുഡാമുകളാണുള്ളത്. ഇതിന് മുമ്പ് ചെക്ക്ഡാം തുറന്നു വിട്ടപ്പോൾ ടൺ കണക്കിന് അറവു മാലിന്യങ്ങളും ,പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മറ്റ് മാലിന്യശേഖരവും ദുർഗന്ധവും താഴെയുള്ള പ്രദേശങ്ങളിൽ എത്താനിടയായി. ഒരു സ്ഥലത്തു ശുചീകരണം നടക്കുന്നത് അടുത്ത പ്രദേശത്തിന് ദുരന്തമാകരുത്. കൃത്യമായി മാലിന്യ സംസ്‌കരണം നടത്താത്ത തദ്ദേശസ്ഥാപനങ്ങൾ ചെക്കു ഡാമുകൾ നിർമ്മിച്ച് മാലിന്യം സംഭരിക്കരുത്. ശുദ്ധജല സംഭരണികളാകണം തടയണകൾ. അശാസ്ത്രീയമായ തടയണ നിർമ്മാണങ്ങൾ പുഴയുടെ സ്വഭാവിക നീരൊഴുക്കിനെയും മത്സ്യങ്ങളുടെ സഞ്ചാരപഥങ്ങളെയും തടസപ്പെടുത്തുന്നു.ചെക്കു ഡാമുകൾ തുറക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വിദഗ്ദ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന് പുനർജനി കർമ്മസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ഡോ.രാജു ഡി കൃഷ്ണപുരം, വി.എം.അബ്ദുള്ളാ ഖാൻ, ഫിലിപ്പ് മഠത്തിൽ, ജോണി വലിയകുന്നേൽ, സെബി പറമുണ്ട, ശ്രീജിത് പാലാ, ബേബി ആനപ്പാറ എന്നിവർ പ്രസംഗിച്ചു.

ചെക്കുഡാമുകൾ തുറക്കരുത്

കൊവിഡിന്റെ മറവിൽ ചെക്കുഡാമുകൾ തുറന്നു വിടാനുള്ള നീക്കത്തിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചെക്കുഡാമുകൾ മാലിന്യ സംഭരണ കേന്ദ്രമാക്കി മാറിയിരിക്കുന്നതു അതതു പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ പിടിപ്പുകേടാണ്. ചെക്കു ഡാമുകളിലെ മാലിന്യത്തിന്റെ തോത് കണ്ടെത്തി അണുനശീകരണം നടത്തി മാലിന്യം നീക്കിയ ശേഷം മാത്രമേ ചെക്കുഡാമുകൾ തുറക്കാവൂ എന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.