പാലാ : നഗരസഭയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവൃത്തനം വിലയിരുത്താൻ ജോസ് കെ. മാണി എം.പി എത്തി. ദിവസേന 400 ഓളം പേർക്കാണ് ഇവിടെ നിന്ന് 3 നേരം ഭക്ഷണം നൽകി വരുന്നത്. കമ്മ്യൂണിറ്റി കിച്ചണിലെത്തിയ എം.പി മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. ഉച്ചഭക്ഷണം വിളമ്പി പായ്ക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും സഹായിച്ചു. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് അന്താരാഷ്ട്ര വിമാനത്തിൽ തിരികെ വന്ന എം.പിമാർ ക്വാറന്റൈനിൽ പോകണമെന്ന നിർദ്ദേശത്തെ തുടർന്ന് വീട്ടിലിരുന്ന് കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയായിരുന്നു അദ്ദേഹം. വിദേശമലയാളികളുടെ പ്രശ്‌നങ്ങൾ വിദേശകാര്യ മന്ത്രാലയവും വിവിധ എംബസികളുമായി ബന്ധപ്പെട്ട് അവർക്ക് ആശ്വാസമെത്തിക്കാനും അദ്ദേഹം ഈ സമയം വിനിയോഗിച്ചു. ചെയർപേഴ്‌സൺ മേരി ഡോമിനിക്ക്, കൗൺസിലർമാരായ ബിജി ജോജോ, ലീനാ സണ്ണി, ബിജു പാലൂപ്പടവിൽ, ജോർജുകുട്ടി ചെറുവള്ളി, കൊച്ചുറാണി എംപ്രം ,ലൂസി ജോസ്, ഷെറിൻ പുത്തേട്ട്, ജിജി ജോണി, സുഷമ രഘു, സിജി പ്രസാദ് തുടങ്ങിയവരുമുണ്ടായിരുന്നു.