പാലാ: ഈസ്റ്റർ ദിനത്തിൽ മദ്യലഹരിയിൽ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു ; ഒരാൾ പിടിയിൽ. കിടങ്ങൂർ കിഴക്കേ കൂടല്ലൂർ വെള്ളാപ്പള്ളിൽ ലൂയിസിന്റെ മകൻ ലിജോ (39) ആണ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് കിഴക്കേ കൂടല്ലൂർ ചിലമ്പാട്ടുകുന്നേൽ ആൻബിൻ തോമസിനെ (25) അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10 മണിയോടെ പഴയ കൂടല്ലൂർ ചന്തയ്ക്ക് സമീപമായിരുന്നു സംഭവം .

ലിജോയും സുഹൃത്ത് ഗിരീഷും ഈസ്റ്റർ ദിനത്തിൽ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിന് ശേഷം 10 മണിയോടെ ലിജോ തന്റെ ബൈക്കിൽ ഗിരീഷിനെ വീട്ടിൽ കൊണ്ടുവിട്ടു. ഗിരീഷിന്റെ വീടിന് മുന്നിലാണ് ആൽബിന്റെ വീട്. ആൽബിനും ലിജോയും തമ്മിൽ മുമ്പ് വഴക്കും വൈരാഗ്യവുമുണ്ടായിരുന്നു.

വീടിന് മുന്നിലെത്തിയ ലിജോ അങ്ങോട്ടുനോക്കി അസഭ്യം പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് ആൽബിന്റെ പിതാവ് വീടിന് പുറത്തേയ്ക്ക് വന്നതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. ബഹളം കേട്ട് പുറത്തേയ്ക്ക് വന്ന അൽബിൻ പ്രശ്‌നത്തിൽ ഇടപെടുകയും ഇരുവരും തമ്മിൽ അസഭ്യവർഷവും തടർന്ന് കൈയേറ്റവും ഉണ്ടായി. ഇതിനിടെ മുറ്റത്തുകിടന്ന വിറക് കമ്പിന് ആൽബിൻ ലിജോയുടെ തലക്കടിച്ചതായി പൊലീസ് പറഞ്ഞു. അടിയേറ്റ് നിലത്തുവീണ ലിജോ കുറച്ചുനേരം അവിടെ കിടന്നശേഷം ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങി.

വീട്ടിലെത്തിയ ലിജോ മദ്യലഹരിയിൽ കിടന്നുറങ്ങുകയും ചെയ്തു. ഇതിനിടെ ആക്രമിച്ചെന്നു കാണിച്ച് ആൽബിന്റെ പിതാവ് ലിജോയ്ക്കെതിരെ കിടങ്ങൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്ന വിവരം അറിയിക്കാനായി ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ലിജോ അനക്കമറ്റ നിലയിലായിരുന്നു. തുടർന്ന് കിടങ്ങൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. തലയിൽ പുറമേ പരുക്കുകളൊന്നും കാണാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി. പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരം വ്യക്തമാകൂവെന്ന് കിടങ്ങൂർ സി .ഐ സിബി തോമസ് അറിയിച്ചു.
ലിജോയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൂടല്ലൂർ സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. മാതാവ് : കൂടല്ലൂർ നടുവിലേക്കരോട്ട് ലീല. ഭാര്യ സോഫി പുന്നത്തുറ മത്തലക്കാട്ടിൽ കുടുംബാംഗം.മക്കൾ : എയ്ഞ്ചൽ, ആൻലിയ, അൽന മരിയ.