വൈക്കം: ഗീതാഞ്ജലിയും ഗൗരീനന്ദനയും തിരക്കിലാണ്. ലോക്ക് ഡൗൺ കാലം അവർക്ക് സർഗ്ഗാത്മകതയുടേതാണ്. ടി വി യിലും മൊബൈൽ ഫോണിലും തളച്ചിടാനുള്ളതല്ല അവധിക്കാലമെന്ന് ആ കുഞ്ഞുകൈകളിൽ വിരിഞ്ഞ മനോഹര സൃഷ്ടികൾ നമുക്ക് പറഞ്ഞു തരും.
അയൽക്കാരും കൂട്ടുകാരുമാണ് രണ്ടാളും. പല രൂപത്തിലുള്ള ചില്ല് കുപ്പികൾ കുട്ടികൾ മുതിർന്നവരോട് പറഞ്ഞാണ് സംഘടിപ്പിക്കുക. അവരുടെ കൈയിൽ കിട്ടുമ്പോൾ അവ ആർക്കും വേണ്ടാത്ത ഒഴിഞ്ഞ കുപ്പി മാത്രമാവും. പക്ഷേ ഗീതാഞ്ജലിയുടേയും ഗൗരിനന്ദനയുടേയും കരവിരുതിൽ കുപ്പികൾ ദൃശ്യവിരുന്നൊരുക്കുന്ന കലാസൃഷ്ടികളായി മാറും. പൂക്കളും ശലഭങ്ങളും മുതൽ തെയ്യവും തിറയും വരെ കുപ്പികളിൽ അവർ മനോഹരമായി വരച്ചു ചേർക്കും.
ഗീതാഞ്ജലിയുടെ വീടിന്റെ ചുവരുകളിലും കാണാം കലയുടെ കരസ്പർശം. സ്വിച്ച് ബോർഡുകൾക്ക് വരെ വരകൾ വർണ്ണങ്ങൾ ചാർത്തുന്നു. മൂന്നാർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ആറാട്ടുകുളങ്ങര കുഴിപ്പിള്ളിൽ കെ.വി.അജിയുടേയും അമ്പിളിയുടേയും മകളാണ് ഉദയംപേരൂർ എസ്.എൻ.ഡി.പി സ്‌ക്കൂളിലെ വിദ്യാർത്ഥിനിയായ ഗീതാഞ്ജലി. ചിത്രരചനയ്ക്കും കരകൗശലവുമായി ബന്ധപ്പെട്ടും സ്‌ക്കൂൾ തലത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്‌പോർട്‌സിലും സജീവം.
ആറാട്ടുകുളങ്ങര പൂപ്പള്ളിൽ പി.സി.ബിജുമോന്റെയും ഷേർളിയുടേയും മകളായ ഗൗരീനന്ദന വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് സ്‌ക്കൂളിലാണ് പഠിക്കുന്നത് . നൃത്തം ശാസ്ത്രീയമായി പഠിക്കുന്നുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ കലാമണ്ഡപത്തിലടക്കം നിരവധി വേദികളിൽ ഗൗരീനന്ദനയുടെ നൃത്തം അരങ്ങേറിയിട്ടുണ്ട്. ചിത്രരചനയിലും സ്‌ക്കൂൾ തല മത്സരങ്ങളിൽ ഒന്നാമതാണ്. അടുത്ത വർഷം ഒൻപതാം ക്ലാസ്സിലേക്കാണ് രണ്ടപേരും.