payippad

കോട്ടയം: പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ അപസ്വരം ഉയർന്നതോടെ പൊലീസ് വീണ്ടും ബോധവത്ക്കരണവും ഉപദേശങ്ങളുമായി ക്യാമ്പുകളിൽ എത്തി. ശക്തമായ നിരീക്ഷണത്തിൽ ഇന്നും ഇവിടെ പൊലീസ് റോന്ത് ചുറ്റുന്നത്. അതേസമയം ഹോം ഗാർഡുകളെയും ട്രെയിനികളേയും ഉപയോഗിച്ച് തൊഴിലാളികളെ കാര്യങ്ങൾ മനസിലാക്കുവാൻ ശ്രമിക്കുകയാണ് പൊലീസ്.

ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ സമയം എടുക്കുമെന്നും അത്രയും കാലും ഇവിടെ സുരക്ഷിതമായി കഴിയണമെന്നുമാണ് പൊലീസ് നല്കുന്ന ഉപദേശം. എന്നാൽ പൂർണമായും ഇവർക്ക് ഇത് ഉൾക്കൊള്ളുവാൻ കഴിയുന്നില്ല. ''സർ, എനിക്ക് സൈക്കിളിൽ ഒറ്റയ്ക്ക് നാട്ടിലേക്ക് പോവാൻ അനുവാദം തരണം'. ഇന്ന് രാവിലെ ക്യാമ്പിൽ സന്ദർശനത്തിനെത്തിയ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിനെ സമീപിച്ച് ഒരു തൊഴിലാളി കേണപേക്ഷിച്ചു. ''ഭാര്യയെയും മക്കളെയും കണ്ടിട്ട് ആറു മാസമായി. അവർ പട്ടിണിയിലാണ്.

എങ്ങനെയും അനുവാദം തന്നേ പറ്റു''വെന്നായിരുന്നു തൊഴിലാളിയുടെ രോദനം. കേന്ദ്രസർക്കാർ ഇതിന് അനുവാദം തരില്ലെന്നും ഇപ്പോൾ പോവുന്നത് നിയമവിരുദ്ധമാവുമെന്നും പറഞ്ഞ് ഇയാളെ ഡിവൈ.എസ്.പി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. തന്നെയുമല്ല, ഒരു കാരണവശാലും സംസ്ഥാന അതിർത്തികൾ കടക്കാൻ സാധിക്കില്ലെന്നും, പോവുന്ന വഴിയിൽ കോവിഡ് വൈറസ് താങ്കളെ പിടികൂടാൻ സാദ്ധ്യതയുണ്ടെന്നും, താങ്കൾ വീട്ടിലെത്മതിയാൽ അത് കുടുംബത്തിന് രോഗം പടരാൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞ് ബോദ്ധ്യപ്പെടുത്തി.

ഇതോടെയാണ് അയാൾ അല്പം ആശ്വാസത്തിലായത്. ആഹാരവും മറ്റ് സൗകര്യങ്ങളും തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ഇതിൽ സംതൃപ്തിയുണ്ടെന്നും ഇയാൾ ഡിവൈ.എസ്.പി യോട് പറഞ്ഞു. ഇന്നും ഡ്രോൺ ഉപയോഗിച്ച് ക്യാമ്പും പരിസരവും പൊലീസ് നിരീക്ഷിച്ചു. പായിപ്പാട് പൊലീസ് റൂട്ട് മാർച്ചും നടത്തി. പുറമേ സമാധാനപരമായാണ് പായിപ്പട് മുന്നോട്ടുപോവുന്നതെങ്കിലും ഓരോ തൊഴിലാളിയുടെയും മനസിൽ വീട്ടിലെത്തണം എന്ന ജ്വരമാണ്.