മുണ്ടക്കയം: ന്യുമോണിയ ബാധിച്ച് ജോധ്‌പൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ബി.എസ്.എഫ് ജവാന് വിഷുദിനത്തിൽ അമ്മയെയും ഭാര്യയെയും കണികണ്ടുണരാനായി. ലോക്ക്‌ഡൗൺ തടസങ്ങൾ നീക്കി, 27,00 കിലോമീറ്റർ യാത്ര ചെയ്താണ് അമ്മ ഷീലാമ്മ വാസനും ഭാര്യ പാർവതിയും അരികിലെത്തിയത്. ഉറ്റവരെ കണ്ടതോടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
മുണ്ടക്കയം പനക്കച്ചിറ നെടുവുടപ്പള്ളിൽ എൻ.വി. അരുൺ കുമാറിന് (29) രോഗം കലശലായതിനെ തുടർന്നാണ് ജോധ്‌പൂർ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പേശികളുടെ വേദന കടുത്ത് പ്രതികരണശേഷികൂടി നഷ്ടപ്പെട്ട അവസ്ഥയിലാണ് മലയാളി ഡോക്ടർ അഖിലേഷ് വീട്ടുകാരുടെ സാമീപ്യം ഗുണകരമാകുമെന്ന നിർദ്ദേശം വച്ചത്. പക്ഷേ, ലോക്ക് ഡൗൺ യാത്രയ്ക്ക് തടസമായി. ഷീലാമ്മയുടെയും പാർവതിയുടെയും ദൈന്യത മനസിലാക്കിയ ബി.ജെ.പി ജില്ലാ സെക്രട്ടറി വി.സി. അജികുമാറും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിലാലും പ്രശ്നത്തിൽ ഇടപെട്ടു. എം.പിമാരായ സുരേഷ് ഗോപി, അൽഫോൺസ് കണ്ണന്താനം എന്നിവരുമായി ബന്ധപ്പെട്ട് യാത്രയ്ക്കാവശ്യമായ ജില്ലാകളക്ടറുടെ പാസ് ലഭ്യമാക്കി. സൗജന്യമായി ജയ്‌പൂരിലെത്തിക്കാമെന്ന ഉറപ്പുമായി ഹിന്ദു ഹെൽപ്പ് ലൈൻ വാഹനവും സജ്ജമാക്കി. ശനിയാഴ്ച രാത്രി ഇരുവരും ബന്ധു രാജേഷും ഡ്രൈവർമാരായ കൃഷ്ണപ്രസാദും ശ്രീനാഥും അടങ്ങുന്ന സംഘം യാത്ര തിരിച്ചു.
കമ്പം തേനിവഴി ഞായറാഴ്ച രാവിലെ ആറിന് ബംഗളൂരുവിലെത്തി അവിടെ അഞ്ച് മണിക്കൂറോളം വിശ്രമിച്ചശേഷം രാത്രി 10ന് കോലാപ്പൂരിൽ എത്തി. പുലർച്ചെ നാലിന് വീണ്ടും യാത്ര തുടങ്ങി സൂററ്റ് വഴി ജോധ്‌പ്പൂരിലെത്തിയപ്പോഴേക്കും വിഷുപ്പുലർച്ചയായി. രാവിലെ എട്ടോടെ അമ്മയും ഭാര്യയും അരുണിനെ കണ്ടു. കൊവിഡ് പ്രതിരോധത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു യാത്ര. ചൂട് പരിശോധിച്ച് മാസ്കും മറ്റും ധരിച്ച് നിശ്ചിത അകലത്തിൽ നിന്നാണ് ഇരുവരും അരുണിനെ കണ്ടത്. ജോധ്പൂരിലാണ് അരുൺ ജോലിചെയ്യുന്നത്.
നല്ല മാറ്റം
''അരുണിന് നല്ലമാറ്റമുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ ഭക്ഷണം ട്യൂബിലൂടെയായിരുന്നു. ഇപ്പോൾ വായിലൂടെ നൽകാനായി''-ശ്രീനാഥ് പറഞ്ഞു. അരുണിന്റെ നിലയിൽ മാറ്റമുണ്ടെന്നും മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയെന്നും ഡോക്ടർമാരും അറിയിച്ചു. ഷീലാമ്മയും പാർവതിയും ആശുപത്രിയോട് ചേർന്നുള്ള ഹോട്ടലിലാണ് താമസം. ഹോട്ടലിൽ ക്വാറന്റൈനിലാണ് ഇരുവരും. മറ്റ് മൂന്നുപേരും ഇന്നലെ നാട്ടിലേക്കു തിരിച്ചു.