കോട്ടയം : കൊവിഡിനെ പടികടത്തിയ കോട്ടയത്തെ ആരോഗ്യ പ്രവർത്തകരുടെ മികവ് ഇനി കാസർകോട്ടും. ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിക്ക് വരെ പുതുജീവനേകിയ കോട്ടയം മെഡിക്കൽ കോളേജിലെ 25 അംഗ വിദഗ്ദ്ധ സംഘം കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിൽ ഇന്നലെ കാസർകോട്ടേക്ക് പുറപ്പെട്ടു. ഇന്ന് എത്തും.
അനസ്‌തേഷ്യോളജി വകുപ്പ് മേധാവി ഡോ.മുരളീകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ആറു പ്രത്യേകവിഭാഗങ്ങളിൽ നിന്നായി പത്തു ഡോക്ടർമാരും പത്ത് സ്റ്റാഫ് നഴ്‌സുമാരും അഞ്ച് നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാസർകോട്ട് എത്തിയിട്ടുള്ള ആരോഗ്യ പ്രവർത്തകരുടെ സേവന കാലാവധി അവസാനിച്ചതോടെയാണ് 14 ദിവസത്തേയ്ക്ക് പുതിയ സംഘം ചുമതലയേൽക്കുന്നത്. അനസ്‌തേഷ്യോളജി, ഇ.എൻ.ടി, പൾമണോളജി, ശിശുരോഗ ചികിത്സ, സർജറി, ത്വക്ക് രോഗ ചികിത്സ എന്നീ പ്രത്യേകവിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.