കാവാലിമാക്കൽ റോഡ് തകര്‍ന്നു
പൊൻകുന്നം: എങ്ങനെ ഈ റോഡ് പിന്നിടും! കാവാലിമാക്കൽ റോഡിലൂടെ നിത്യവും കടന്നുപോകുന്നവർ ഒരേസ്വരത്തിൽ പറയുന്ന വാക്കുകളാണിത്.
നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന കാവാലിമാക്കൽ റോഡ് സഞ്ചാരയോഗ്യമല്ലാത്തവിധം തകർന്നു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം മണിമല റോഡിൽനിന്നും ആരംഭിച്ച് തോണിപ്പാറ റോഡുമായി ബന്ധിപ്പിക്കുന്ന പാതയാണിത്.നൂറിലേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസകേന്ദ്രത്തിലൂടെയാണ് പാത കടന്നുപോകുന്നത്.ഇവിടെ ഇരുചക്രവാഹനമെങ്കിലുമില്ലാത്ത വീടുകൾ വിരളമാണ്.ഓട്ടോടാക്‌സി ഡ്രൈവർമാരടക്കമുള്ള തൊഴിലാളികളാണ് താമസക്കാരിലേറെയും.ഏറെക്കാലമായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡിന്റെ അവസ്ഥ കൂടുതൽ അപകടകരമായി.നിലവിലുണ്ടായിരുന്ന കുഴികൾ വലുതായി മണ്ണൊലിപ്പിൽ രൂപപ്പെട്ട കിടങ്ങുകളുംകൂടിയാപ്പോൾ വാഹനങ്ങൾക്കൊന്നും ഇതുവഴി കടന്നുപോകാൻ പറ്റാതായി.
സംസ്ഥാന പാതയിൽനിന്നും ടൗണിന്റെ തിരക്കിൽപെടാതെ ദേശീയപാതയിൽ പഴയചന്ത,20ാം മൈൽ,19ാം മൈൽ എന്നീ ജംഗ്ഷനുകളിലെത്തിച്ചേരാൻ കഴിയുന്ന ബൈപാസ് റോഡാണിത്.
റോഡിന്റെ ഏതാനും ഭാഗങ്ങളാണ് തകർന്നത്. റീടാറിംഗിനായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടാറിംഗ് ജോലി ഏറ്റെടുക്കാൻ കരാറുകാർ തയാറാകാത്ത അവസ്ഥയുണ്ട്.ഇതാണ് നിർമ്മാണത്തിന് തടസ്സം നേരിട്ടത്. ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ അവസാനിച്ചാലുടൻ പണി തുടങ്ങും.
പി.മോഹൻ റാം,ഗ്രാമപഞ്ചായത്ത് അംഗം.
ചിത്രവിവരണം: കാവാലിമാക്കൽ റോഡ് തകർന്ന നിലയിൽ