ചങ്ങനാശേരി: കൊവിഡ് വ്യാപന കാലത്ത് ആരോഗ്യമേഖലയിൽ നിസ്തുലമായ സേവനം അർപ്പിക്കുന്നവരെ ആദരിച്ചും വിഷു സദ്യ ഒരുക്കിയും തത്വമസി ചാരിറ്റബിൾ ട്രസ്റ്റ്. ചങ്ങനാശേരി ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും സ്റ്റാഫിനുമാണ് ട്രസ്റ്റ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്. തുടർന്നുള്ള 15 ദിവസത്തേക്ക് പ്രഭാതഭക്ഷണവും ട്രസ്റ്റ് ഒരുക്കും. ചങ്ങനാശ്ശേരി താലൂക്കിൽ നിർധനരായവർക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചു കൊടുക്കുന്ന സേവനവും ട്രസ്റ്റ് ചെയ്യുന്നുണ്ട്. വിഷു ദിവസത്തോടുകൂടി 50 വീടുകളിൽ ട്രസ്റ്റ് സൗജന്യമായി മരുന്ന് എത്തിച്ചുകഴിഞ്ഞു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും കലാവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും സന്നദ്ധ സംഘടനയുടെ സഹായത്തോടെ ചെറുകഥകളും കാർട്ടൂണുകളും ഉൾപ്പെടുന്ന ആയിരം ബുക്കുകൾ ഭവനങ്ങളിൽ എത്തിച്ചു കൊടുക്കുമെന്നും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട്, സെക്രട്ടറി എം.ഡി സാലി എന്നിവർ അറിയിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ കെ.പി. സേതു , ആർ.എം.ഒ അശ്വിത് എന്നിവരുടെ സഹകരണവും ട്രസ്റ്റിനുണ്ട്.