കോട്ടയം : കോട്ടയത്തിന് ഒരിക്കലും മറക്കാനാവാത്ത പച്ച മനുഷ്യനായ മുതലാളിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വസ്ത്ര വ്യാപാരഗ്രൂപ്പായ ശീമാട്ടി ഗ്രൂപ്പിന്റെ ഉടമ തിരുവെങ്കിടം. വലത് കൈകൊണ്ട് നൽകുന്നത് ഇടതുകൈ അറിയരുതെന്ന വിശ്വാസക്കാരനായിരുന്ന അദ്ദേഹത്തിന്റെ മരണവും കൊവിഡ് നിയന്ത്രണത്തിൽ കുടുങ്ങി എറണാകുളത്ത് സംസ്കാരത്തിന് ശേഷമായിരുന്നു പുറംലോകമറിഞ്ഞത്.

തിരുനക്കര ക്ഷേത്രോത്സവത്തിന്റെ ആദ്യ ഫണ്ട് വർഷങ്ങളായി ഏറ്റുവാങ്ങിയിരുന്നത് തിരുനക്കര മഹാദേവ ഭക്തനായ അദ്ദേഹത്തിൽ നിന്നായിരുന്നു. അനാരോഗ്യം കാരണം കഴിഞ്ഞ വർഷം കിഴക്കേ ഗോപുരത്തിന് മുന്നിൽ ചടങ്ങ് വച്ചിട്ടും ക്ഷേത്ര ദർശനം നടത്തണമെന്ന ആഗ്രഹത്താൽ വീൽച്ചെയറിൽ നിന്ന് ചുമന്ന് കൊടിമരചുവട്ടിൽ എത്തിക്കുകയായിരുന്നു. ഈ വർഷം അനാരോഗ്യകാരണത്താൽ ഫണ്ട് നൽകാൻ ക്ഷേത്രവളപ്പിൽ എത്തിയില്ലെങ്കിലും. കൊവിഡ് കാരണം ഉത്സവും നടന്നില്ലെങ്കിലും പ്രാരംഭചെലവുകൾക്കുള്ള തുക പതിവ് പോലെ നൽകി. സാമ്പത്തിക സഹായം തേടി ആരു വന്നാലും സഹായിക്കുന്ന മനസായിരുന്നു. ചിലരുടെ തട്ടിപ്പ് മനസിലാക്കികൊണ്ട് തന്നെ സഹായിക്കും. തിരുനക്കര ക്ഷേത്രമൈതാനത്തിന് മുന്നിലെ വലിയ ഗോപുര നിർമാണത്തിന് കോടികൾ ചെലവഴിച്ചെങ്കിലും തന്റെ പേരോ ശീമാട്ടിയുടെ ഒരു സ്റ്റിക്കറോവയ്ക്കരുതെന്ന് നിർദ്ദേശിച്ചു.

ശീമാട്ടി റൗണ്ടാന, റെഡ്യാർ അസോസിയേഷൻ ഹാൾ, കാർത്തിക ഓഡിറ്റോറിയം തുടങ്ങിയവയുടെ നിർമാണത്തിനെല്ലാം പണം നൽകി.കോട്ടയത്തെ കലാ സംസാകാരിക സംഘടനകൾക്കെല്ലാം കൈയയച്ച് സഹായം നൽകി . ആദ്യമായി നടന്ന ഭാഗവതസത്ര നടത്തിപ്പിനും വൻ തുക നൽകി. ജീവനക്കാരെ സ്വന്തമെന്ന് കരുതി സ്നേഹിക്കുകയും അവരുടെയും വീട്ടുകാരുടേയും ആരോഗ്യ കാര്യങ്ങളിൽ വരെ അതീവ ശ്രദ്ധ ചെലുത്തിയിരുന്ന അദ്ദേഹം ജീവനക്കാർക്കായി യോഗ ക്ലാസും നടത്തിയിരുന്നു.

ഉപഭോക്താക്കൾക്ക് ഒരു സൗജന്യവും വാഗ്ദാനം ചെയ്യാതെ തന്നെ ശീമാട്ടി എന്ന ബ്രാൻഡ് വിശ്വാസ്യതയുടെ പര്യായമായി നിന്നതിന് പിന്നിൽ തിരുവെങ്കിടവും അദ്ദേഹത്തിൽ നിന്ന് ബിസിനസിന്റെ പാഠങ്ങൾ പഠിച്ചു വളർന്ന മകൾ ബീന കണ്ണനുമായിരുന്നു. ആരോടും നോ പറയാത്ത തിരുവെങ്കിടത്തിന്റെ കൈ എന്നും പൊലിച്ചിരുന്നതിനാലാണ് തിരുനക്കര ഉത്സവത്തിന്റെ ആദ്യ സംഭാവന വർഷങ്ങളായി അദ്ദേഹത്തിൽ നിന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു വന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെയായിരുന്നു സഹായം. ആർക്ക് എന്തു കൊടുത്തുവെന്ന് പുറത്തു പറയാത്ത കോടികൾ ചെലവഴിച്ചാലും പബ്ലിസിറ്റി താത്പര്യം കാട്ടാത്തെ ഇങ്ങനെയൊരു മുതലാളി ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വിയോഗം കോട്ടയത്തിന്റെ തീരാനഷ്ടമാണെന്ന് തിരുനക്കര ക്ഷേത്രോപദേശ സമിതി പ്രസിഡന്റ് ബി.ഗോപകുമാർ പറഞ്ഞു.