കോട്ടയം : കൊവിഡിനെ പടികടത്തിയ കോട്ടയത്തെ ആരോഗ്യ പ്രവർത്തകരുടെ മികവ് ഇനി കാസർകോട്ടും. ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിക്ക് വരെ പുതുജീവനേകിയ കോട്ടയം മെഡിക്കൽ കോളേജിലെ 25 അംഗ വിദഗ്ദ്ധ സംഘം കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസിൽ ഇന്നലെ കാസർകോട്ടേക്ക് പുറപ്പെട്ടു. ഇന്ന് എത്തും.
അനസ്‌തേഷ്യോളജി വകുപ്പ് മേധാവി ഡോ.മുരളീകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ആറു പ്രത്യേകവിഭാഗങ്ങളിൽ നിന്നായി പത്തു ഡോക്ടർമാരും പത്ത് സ്റ്റാഫ് നഴ്‌സുമാരും അഞ്ച് നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാസർകോട്ട് എത്തിയിട്ടുള്ള ആരോഗ്യ പ്രവർത്തകരുടെ സേവന കാലാവധി അവസാനിച്ചതോടെയാണ് 14 ദിവസത്തേയ്ക്ക് പുതിയ സംഘം ചുമതലയേൽക്കുന്നത്. അനസ്‌തേഷ്യോളജി, ഇ.എൻ.ടി, പൾമണോളജി, ശിശരോഗ ചികിത്സ, സർജറി, ത്വക്ക് രോഗ ചികിത്സ എന്നീ പ്രത്യേകവിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
25 പേരുടെ അഞ്ച് ടീം
അനസ്‌ത്യേഷ്യോളജി വിഭാഗം മേധാവി ഡോ. മുരളീകൃഷ്ണൻ, സീനിയർ റസിഡന്റ് ഡോ.ലക്ഷ്മി പ്രസാദ്, സ്റ്റാഫ് നഴ്‌സുമാരായ മനുദാസ്, കെ.പി. പ്രശാന്ത്, നഴ്‌സിംഗ് അസിസ്റ്റന്റ് നൗഷാദ് എന്നിവരാണ് ആദ്യടീമിൽ. രണ്ടാമത്തെ ടീമിൽ പൾമണോളജി വിഭാഗത്തിലെ സീനിയർ റസിഡന്റ് ഡോ. ദിവ്യ സി. തോമസ്, ജൂനിയർ റസിഡന്റ് ഡോ. വിഷ്ണു, സ്റ്റാഫ് നഴ്‌സുമാരായ പി. പാപ്പ, എം.എം. ഫാത്തിമ, നഴ്‌സിംഗ് അസിസ്റ്റന്റ് സി.എം. ഷാജി എന്നിവരാണ് അംഗങ്ങൾ. പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ റസിഡന്റ് ഡോ. ഫോബിൻ വർഗീസ്, പീഡിയാട്രിക് വിഭാഗം ജൂനിയർ റസിഡന്റ് ഡോ. ജെ.എ വിവേക്, സ്റ്റാഫ് നഴ്‌സുമാരായ മേരി പ്രഭ കോവൂർ, നീതു എസ്. കുമാർ, നഴ്‌സിംഗ് അസി. ടി.കെ. നാരായണൻ എന്നിവരാണ് മൂന്നാമത്തെ ടീമിലുള്ളത്. ഇ.എൻ.ടി വിഭാഗം സീനിയർ റസിഡന്റ് ഡോ. അഭിജിത് ശങ്കർ, ജൂനിയർ റസിഡന്റ് ഡോ. ഫാത്തിമ ഹസ്‌ന, സ്റ്റാഫ് നഴ്‌സുമാരായ ശ്രീജ കെ. അജന്ത്, ആൻസി മേരി ജോർജ്, നഴ്‌സിംഗ് അസി. സുധാകരൻ എന്നിവർ നാലാം ടീമിലും അനസ്‌തേഷ്യോളജി അസി. പ്രൊഫ. ഡോ. ആർ. സേതുനാഥ്, പീഡിയാട്രിക്‌സ് ജൂനിയർ റസിഡന്റ് ഡോ. ആൻസിലിൻ, സ്റ്റാഫ് നഴ്‌സുമാരായ ജി.ആർ. റജി, ഷഫീഖ് ഷാജഹാൻ, നഴ്‌സിംഗ് അസി. എ.ജി. പ്രകാശ് എന്നിവർ അഞ്ചാം ടീമിലും ഉൾപ്പെടുന്നു.