വൈക്കം: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലോകശാന്തിക്കും സമാധാനത്തിനും വേണ്ടി എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വിഷു ദിവസം പ്രാർത്ഥനാ ദിനമായി ആചരിച്ചു. യൂണിയനിലെ 54 ശാഖകളിലെ 20,000 ത്തോളം ഭവനങ്ങൾ പ്രാർത്ഥനാദിനത്തിന്റെ ഭാഗമായി. ഗുരുദേവ ചിത്രത്തിന് മുമ്പിൽ നിലവിളക്ക് തെളിയിച്ചു ഗുരുസ്മരണ, ഗുരുഷ്ടകം, ഗുരുസ്തവം, ദൈവദശകം, ഗദ്യ പ്രാർത്ഥന, സ്‌തോത്ര കൃതികൾ എന്നിവ ചൊല്ലിയാണ് പ്രാർത്ഥനാദിനം ആചരിച്ചത്. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷിന്റെ വസതിയിൽ വീടിന്റെ പൂമുഖത്തായിരുന്നു ചടങ്ങ്. ഗുരുദേവ ചിത്രം തുളിസമാല കൊണ്ടലങ്കരിച്ച ശേഷം ദീപം തെളിച്ചു. പുഷ്പദളങ്ങൾ സമർപ്പിച്ച ശേഷം പി. വി. ബിനേഷ്, ഭാര്യ ബിനി ബിനേഷ്, മകൾ നിഹാരിക, യോഗം അസി.സെക്രട്ടറി പി.പി സന്തോഷ്, ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ എന്നിവർ ദൈവദശകം ചൊല്ലി പ്രാർത്ഥന നടത്തി.