അടിമാലി: ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ കാർഷികമേഖലക്ക് കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാർഷികമേഖലയൊന്നാകെ പ്രതിസന്ധിയിലാണ്.തന്നാണ്ട് വിളകളിൽ നിന്നും ഇടവിളകളിൽ നിന്നും ലഭിച്ചിരുന്ന വരുമാനമായിരുന്നു കാർഷികമേഖലയിലെ കർഷകരുടെ പ്രധാന സാമ്പത്തിക ശോതസ്.എന്നാൽ സമ്പൂർണ്ണ അടച്ചിടൽ തുടങ്ങിയതോടെ കർഷകരിലേറെയും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.വിളകൾ പലതും വിളവെടുപ്പിന് പാകമാണെങ്കിലും മലഞ്ചരക്ക് കടകൾ അടഞ്ഞ് കിടക്കുന്നതിനാൽ വിൽപ്പന സാദ്ധ്യമാകുന്നില്ലെന്ന് കർഷകർ പറയുന്നു.കൊക്കോ,വാഴക്കുല,കശുവണ്ടി,ഏലം,കുരുമുളക് തുടങ്ങിയ വിളകളുടെയെല്ലാം വിൽപ്പന മാർച്ച്,ഏപ്രിൽ മാസങ്ങളിൽ വൻതോതിൽ നടക്കേണ്ടതാണ്.എന്നാൽ സമ്പൂർണ്ണ അടച്ചിടൽ വന്നതോടെ വിളവെടുക്കലും വിപണനവുമെല്ലാം താളം തെറ്റി.മൂപ്പെത്തിയ കൊക്കോകായ്കൾ കർഷകരിപ്പോൾ ഉണങ്ങി സൂക്ഷിക്കുകയാണ്.മെച്ചപ്പെട്ട വേനൽമഴ ലഭിച്ചതോടെ ഇത് വിവിധതരം കൃഷിയിറക്കേണ്ടുന്ന കാലമാണെന്നും കർഷകർ പറയുന്നു.യാത്രവിലക്ക് നിലനിൽക്കുന്നതിനാൽ പലർക്കും മറ്റിടങ്ങളിലുള്ള കൃഷിഭൂമിയിലെത്താൻ കഴിയാതെ വരുന്നുണ്ട്.കാർഷിക ആവശ്യങ്ങൾക്കായുള്ള യാത്രക്ക് ഗതാഗതനിരോധനത്തിൽ നിന്നും ഇളവ് നൽകണമെന്നും കർഷകർ ആവശ്യമുന്നയിക്കുന്നു.