കോട്ടയം : തിരുവാർപ്പ് ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട ആമ്പലാറ്റിൽ കുടുംബാഗമായ മോഹൻദാസിന്റെ വീടിനോട് ചേർന്നുള്ള തോട്ടിൽ പതിവ് തെറ്റാതെ ഈ വർഷവും തിരുവാർപ്പ് ഉത്സവത്തിനൊപ്പം ആമ്പൽ വിരിഞ്ഞു. വിഗ്രഹം വാർപ്പിൽ ഒഴുകി വന്ന ദേശമാണ് തിരുവാർപ്പായി പിന്നീട് മാറിയത്. ആമ്പലാറ്റിൽ കുടുംബത്തിന് തിരുവാർപ്പ് ക്ഷേത്രത്തിലുള്ള അവകാശം പതിവ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൊടിയേറ്റ് ദിവസം വെടി അവകാശം ആമ്പലാറ്റിലെ കാരണവർക്കാണ്. തിരുവാർപ്പിലെ പ്രസിദ്ധ വഴിപാടായ ഉഷനിവേദ്യവും ഈ കുടുംബത്തിന് അവകാശപ്പെട്ടതാണ്. കൊവിഡ് നിയന്ത്രണം കാരണം ക്ഷേത്രത്തിലെ നാല് ഗോപുരങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആചാരപ്രകാരമുള്ള വിളക്കെടുപ്പ് ഒഴിവാക്കാൻ കഴിയാത്തതിനാൽ തന്ത്രി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരം 70 കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരുവാർപ്പ് ചെപ്പന്നൂർ ചിന്മയി മേനോൻ , കിളിരൂർ താമരശേരിൽ ഗൗരി മേനോൻ എന്നിവരെ തിരഞ്ഞെടുത്തു. ആറാം ഉത്സവ ദിവസമാണ് പ്രസിദ്ധമായ അഞ്ചാം പുറപ്പാട്. കംസ നിഗ്രഹത്തിന് ശേഷം വരുന്ന ശ്രീകൃഷ്ണനെ ദേശക്കാർ സ്വീകരിക്കുന്നതാണ് ചടങ്ങ്. ഈ വർഷം അഞ്ചാം പുറപ്പാടിന് പുറത്തേക്കുള്ള എഴുന്നള്ളിപ്പില്ലാതെ ക്ഷേത്രത്തിനുള്ളിൽ ചടങ്ങ് നടത്തും.