പൊൻകുന്നം: അട്ടിക്കൽ -പഴയചന്ത റോഡിൽ സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. ചാക്കിൽ കെട്ടിയ നിലയിൽ മാംസാവശിഷ്ടങ്ങളാണ് പാതയോരത്ത് തള്ളിയിരിക്കുന്നത്. മാലിന്യം നിക്ഷേപം നിരോധിച്ചു കൊണ്ടുള്ള ബോർഡിന് സമീപത്തായാണ് രണ്ട് ചാക്കുകളിലായി മാലിന്യം നിക്ഷേപിച്ചത്. റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നതു മൂലം ഇതു വഴി യാത്രക്കാർ ഇപ്പോൾ കുറവാണ്. ഇത് മുതലാക്കി നിരന്തരം മാലിന്യം തള്ളാനായി സാമൂഹ്യ വിരുദ്ധർ ഇവിടം തിരഞ്ഞെടുക്കുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് അടുത്ത വീടുകളുടെ മുറ്റത്തേയ്ക്കും കിണറുകളിലേയ്ക്കും ഇടുന്നതായും പരാതിയുണ്ട്. പ്രദേശത്താകെ കടുത്ത ദുർഗന്ധവുമാണ്. മാലിന്യ നിക്ഷേപം തടയാൻ അധികൃതർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.