കോട്ടയം : ജില്ലയിലെ മുഴുവൻ ഡയാലിസിസ് രോഗികൾക്കും ലോക്ക്ഡൗൺ പീരിയഡിൽ സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. മെഡിക്കൽ കോളേജ്, കോട്ടയം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ സൗജന്യ സൗകര്യത്തിന് പുറമെ ഡയാലിസിസ് സൗകര്യമുള്ള ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കും. സ്വകാര്യ ആശുപത്രികൾ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കുന്ന ഡയാലിസിസ് കിറ്റ് ഉപയോഗിച്ച് 950 രൂപ നിരക്കിൽ രോഗികൾക്ക് ഡയാലിസിസ് ചെയ്തു നൽകേണം. ഡയാലിസിസ് ആവശ്യമുള്ള രോഗികൾ തങ്ങൾ ഡയാലിസിസിന് വിധേയരാകുന്ന ആശുപത്രികൾ മുഖേന അപേക്ഷ നൽകണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ പി. കെ.സുധീർ ബാബു വിളിച്ചു ചേർത്തു.