കാഞ്ഞിരപ്പള്ളി: തോട്ടിലിറങ്ങിയ 'കുട്ടിപ്പട്ടാളം' ചപ്പും ചവറും ചെളിയും വാരി തോട് വൃത്തിയാക്കി തിരിച്ചുകയറി. പാറത്തോട്ടിലെ മുക്കാലി തോടും കുളിക്കടവുമാണ് കുട്ടികളുടെ നാലംഗ സംഘം രണ്ടുദിവസം കൊണ്ട് വൃത്തിയാക്കിയത്. ലോക്ക്ഡൗൺ നിയമങ്ങളനുസരിച്ച് സാമൂഹിക അകലംപാലിച്ച് സംഘം ചേരാതെയായിരുന്നു കുട്ടികളുടെ യത്‌നം. ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ അംഗമായ അൻസാദ് ഇസ്മായിലിന്റെ മക്കളായ ദിയ, നിയ എന്നിവരും സുഹൃത്ത് ജലീലിന്റെ മക്കളായ ഷിഫയും ഫാത്തിമയും ചേർന്നാണ് ദൗത്യം സ്വയം ഏറ്റെടുത്തത്. സഹായത്തിനെത്തിയ കൂട്ടുകാരേയും നാട്ടുകാരേയുമൊക്കെ ലോക്ക്ഡൗൺ നിയമങ്ങൾ പറഞ്ഞ് വിരട്ടിയോടിച്ചു. ഏറ്റെടുത്തപണി ഭംഗിയായി തീർക്കണമെന്ന വാശിയായിരുന്നു നാലുപേർക്കും. കുളിക്കടവ് വൃത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കുളിക്കടവും കഴിഞ്ഞ് തോടിന്റെ കുറെ ഭാഗങ്ങളും കുളിക്കടവിലേക്കുള്ള വഴിയും വൃത്തിയാക്കി തടയണയും നിർമ്മിച്ചശേഷമാണ് കുട്ടികൾ പണി നിറുത്തിയത്.