പാലാ: രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സർജനെ നിയമിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു. ഉഴവൂർ കെ.ആർ.എൻ.എം.എസ് ആശുപത്രിയിൽ നിന്ന് ഡോ. വി.എൻ.സുകുമാരനെയാണ് ഇവിടേയ്ക്ക് മാറ്റി നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് വീഡിയോ കോൺഫ്രൻസിംഗിൽ ഈ ആവശ്യം എം.എൽ.എ ഉന്നയിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായും ചർച്ച നടത്തിയിരുന്നു.തുടർന്ന് ആരോഗ്യമന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിയമനം സംബന്ധിച്ച് നിർദ്ദേശം നൽകുകയായിരുന്നു. രാമപുരത്ത് സർജനില്ലാത്തത് രോഗികളെ ഏറെ വലച്ചിരുന്നു. മുറിവുമായി ഇവിടേയ്‌ക്കെത്തുന്ന രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയയ്ക്കുകയല്ലാതെ ആശുപത്രി അധികൃതർക്ക് മറ്റു മാർഗ്ഗമില്ലായിരുന്നു. ഈ മാസം ആറിനാണ് രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. രാമപുരം ആശുപത്രിയിൽ സിവിൽ സർജനെ നിയമിക്കാൻ നടപടി സ്വീകരിച്ച മാണി സി കാപ്പൻ എം.എൽ.എയെ എൻ.സി.പി രാമപുരം മണ്ഡലം കമ്മിറ്റി അനുമോദിച്ചു.