അടിമാലി: ജില്ലയുടെ അതിർത്തി ഗ്രാമമായ കാഞ്ഞിരവേലി കമ്പിലൈൻ ഭാഗത്ത് അടിമാലിനാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ ചാരായം വാറ്റുകയായിരുന്ന മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു..അഞ്ചു ലിറ്റർ വാറ്റുചാരായം, ചാരായ നിർമ്മാണത്തിന് പാകമായ അൻപതു ലിറ്റർ കോട, ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള വാറ്റുചാരായ നിർമ്മാണ സാമഗ്രികൾ എന്നിവയും എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.. കാഞ്ഞിരവേലിവൈശ്യം പറമ്പിൽ സരുൺ തങ്കപ്പൻ (30), പാറയ്ക്കൽ ബെന്നി വർഗ്ഗീസ് (45), മൂക്കനോലിക്കൽ ഷിജു ജോസഫ് (43) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.. കാഞ്ഞിരവേലി കമ്പി ലൈൻ ഭാഗത്തുള്ള ഈറ്റക്കാട്ടിൽ രഹസ്യമായി ചാരായം വാറ്റി ലിറ്ററിന് ആയിരത്തി അഞ്ഞൂറ് രൂപ നിരക്കിൽ വിൽപ്പന നടത്തുന്നതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന് രഹസ്യവിവരം ലഭിച്ചിരുന്നു.. ലോക്ക് ഡൗൺ കാലയളവിൽമദ്യം കിട്ടാതെ വന്നതിനാൽ ചാരായം വിൽപ്പനക്കായി വാറ്റിയതാണെന്ന് പ്രതികൾ സമ്മതിച്ചു.. പ്രിവന്റീവ് ഓഫീസർ കെ വി സുകു ,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, മാനുവൽ എൻ ജെ ,പി വി സുജിത്ത്, ഹാരിഷ് മൈദീൻ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.