ചങ്ങനാശേരി: ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണ് പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായി. പെരുമ്പനച്ചി പുന്നാംചിറ മാത്യു ജോണിന്റെ വീടിനു മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീണു. വീടിന്റെ മേൽക്കൂരയും ഒരു ഭാഗവും തകർന്നു. ബാത്ത് റൂം വീടിന്റെ ഷീറ്റുകളും പൂർണമായി തകർന്നു. സംഭവ സമയത്ത് ജോയി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഓടി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഴൂർ റോഡിൽ കുര്യച്ചൻ പടിക്കു സമീപം റോഡിലേക്ക് തണൽമരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പുന:സ്ഥാപിച്ചത്. മാന്നിലയിൽ റബർ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണ് വൈദ്യുതിതടസം നേരിട്ടു. പെരുന്ന ക്ഷേത്രത്തിനു സമീപം നിന്നിരുന്ന വലിയ മരം സമീപത്തെ പോസ്റ്റിലേക്ക് ഒടിഞ്ഞു വീണു. പലയിടത്തും നിരവധി റബർ മരങ്ങളും തണൽമരങ്ങളും ഒടിഞ്ഞു വീഴുകയും കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പാലാത്രചിറ പമ്പ്, കിടങ്ങറ, മാടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. അഗ്നിശമന സേന ഉദ്യോഗസ്ഥർ ഒടിഞ്ഞു വീണ മരങ്ങൾ വെട്ടിമാറ്റി.