പാലാ: പാവപ്പെട്ട രോഗികൾ വൃക്കരോഗത്താൽ വലയുമ്പോൾ പാലാ ജനറൽ ആശുപത്രിയിൽ ആരോഗ്യവകുപ്പിന്റെ അലംഭാവം മൂലം 10 ഡയാലിസിസ് മെഷീനുകൾ പൊടിപിടിച്ച് നശിക്കുന്നു. ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിൽ ഡോക്ടറുടെ സേവനം നിലവിലുള്ളപ്പോഴാണ് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിൽ ആരോഗ്യവകുപ്പ് അലംഭാവം തുടരുന്നത്. ജനറൽ ആശുപത്രിക്ക് പത്ത് ഡയാലിസിസ് മെഷീനുകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. ഇനി 10 എണ്ണം കൂടി ലഭിക്കാനുമുണ്ട്. ഇതിന് ആവശ്യമായ പണവും അനുവദിച്ചിരുന്നു. എം.എൽ.എയായിരിക്കെ കെ.എം.മാണി തന്റെ ആസ്തി വികസന നിധിയിൽ നിന്നും രോഗനിർണ്ണയ കേന്ദ്രത്തിനായി കെട്ടിടം നിർമ്മിക്കുന്നതിനും ഉപകരണങ്ങൾക്കുമായി 9.75 കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടം നിർമ്മാണം നാല് വർഷം മുമ്പേ പൂർത്തിയാക്കി ആരോഗ്യ വകുപ്പിന് കൈമാറി. ബാക്കി നിൽക്കുന്ന 5.50 'കോടി രൂപയ്ക്കായി പ്രൊജക്ട് റിപ്പോർട്ട് പ്രകാരമുള്ള ഉപകരണങ്ങൾ വാങ്ങാൻ ജനറൽ ആശുപത്രി അധികൃതർ നിരവധി കത്തുകൾ അയച്ചുവെങ്കിലും തുടർനടപടി ഉണ്ടായില്ല. നെഫ്രോളജി യൂണിറ്റിനായി അനുവദിച്ച പത്ത് ഡയാലിസിസ് മെഷീനുകൾ ഒരു വർഷത്തിലധികമായി ആശുപത്രിയിൽ സുഖനിദ്രയിലാണ്.

നെഫ്രോളജി യൂണിറ്റിനായി നിർമ്മിച്ച കെട്ടിടത്തിൽ വൈദ്യുതി ലഭിച്ചിട്ടില്ല. എന്നാൽ 90% വൈദ്യുതീകരണം പൂർത്തിയാക്കിയിട്ടുമുണ്ട്. അവസാന മിനിക്കുപണികളും അനുമതിയും ലഭിച്ചാൽ പത്ത് ഡയാലിസിസ് മെഷീനുകളും ഉടൻ പ്രവർത്തിപ്പിക്കാമെന്നും ചൂണ്ടികാട്ടുന്നു. ജനറൽ ആശുപത്രി സംരക്ഷണ സമിതി കൺവീനർ ജയ്‌സൺമാന്തോട്ടം ഈ സ്ഥിതി ജോസ്.കെ.മാണി എം.പി മുമ്പാകെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഡയാലിസിസ് മെഷീനുകൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച നടത്തുമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. നഗരസഭയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് നഗരസഭാദ്ധ്യക്ഷ മേരി ഡോമിനിക്കും വാർഡ് കൗൺസിലറും മുൻ നഗരസഭാദ്ധ്യക്ഷയുമായ ബിജി ജോജോയും അറിയിച്ചു.

ഉടൻ സജ്ജീകരിക്കണം

പാലാ ജനറൽ ആശുപത്രിയിൽ വർഷങ്ങൾക്ക് മുമ്പേ എത്തിച്ച 10 ഡയാലിസിസ് യൂണിറ്റുകൾ ഉടൻ പ്രവർത്തിപ്പിക്കാൻ തോമസ് ചാഴികാടൻ എം.പി.ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ഡി.എം.ഒ റിപ്പോർട്ട് തേടി.
അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പത്ത് ഡയാലിസിസ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്ന സാഹചര്യം വിശദമാക്കി ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. വൈദ്യുതി കണക്ഷൻ അടിയന്തിരമായി ലഭ്യമാക്കാൻ പി.ഡബ്ല്യ ഡി വൈദ്യുതി വിഭാഗത്തിന് ആശുപത്രി സൂപ്രണ്ട് കത്ത് നൽകി.