കോട്ടയം : കൊവിഡ് കാലത്തെ അഭയം ചാരിറ്റബിൾ സൊസെെറ്റിയുടെ പ്രവർത്തനത്തെ പ്രശംസിച്ച് മന്ത്രി തോമസ് എെസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുവരെ ഒരു സർക്കാർ സഹായവും വാങ്ങാതെ രണ്ടാഴ്ച കൊണ്ട് രണ്ടുലക്ഷത്തിലേറെ പേർക്കാണ് അഭയത്തിലൂടെ ആഹാരം ലഭ്യമാക്കിയത്. ജില്ലയിലാകെ 32 അഭയം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നു.കൂടാതെ 15 ഹെൽപ്പ് ഡെസ്ക്കുകൾ,സാനിറ്റൈസർ വിതരണം,ബോധവത്കരണം എന്നിവ നടത്തുന്നു. ഒരുലക്ഷം തൂവാലകളും വിതരണം ചെയ്തു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
ഭക്ഷണശാലകളുടെ നടത്തിപ്പിൽ പല പ്രദേശത്തും പാലിയേറ്റീവ് സംഘടനകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലാണല്ലോ അവർ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരു തുടർച്ചയായിട്ടാണ് സൗജന്യ ഭക്ഷണം എത്തിച്ചുകൊടുക്കലിനെ അവർ കാണുന്നത്. അതായിരിക്കാം ഈ ബന്ധത്തിനു കാരണം. കോട്ടത്തെ അഭയം പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ജില്ലയിൽ 32 ഭക്ഷണശാലകളാണ് പ്രവർത്തിക്കുന്നത്. അവയെല്ലാം കുടുംബശ്രീയുടെ ജനകീയ ഹോട്ടലോ അല്ലെങ്കിൽ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണോ ആണ്. ഇതിന് ആവശ്യമായ ഹോട്ടലുകൾ കണ്ടെത്തുക . അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമെല്ലാം സമാഹരിച്ചു നൽകുക, വിതരണത്തിനും മറ്റും പാലിയേറ്റീവ് വോളന്റിയർമാര ഏർപ്പെടുത്തുക ഇവയൊക്കെയാണ് അഭയം ചെയ്യുന്നത്. രണ്ടാഴ്ച കൊണ്ട് രണ്ടുലക്ഷത്തിലേറെ പേരെയാണ് ഇവിടെ ഊട്ടിയത്. ഇതുവരെ ഒരു സർക്കാർ സഹായവും വാങ്ങിയിട്ടില്ല. അഭയം പ്രസിഡന്റ് വി.എൻ. വാസവനുമൊത്ത് ഇവിടെ സന്ദർശിച്ചു. എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം. ഹോട്ടൽ ഉടമസ്ഥൻ ബൈജു മേൽനോട്ടം വഹിച്ചും സഹായിച്ചും പൂർണസമയം അവിടെയുണ്ട് എന്നതാണ്.