പാലാ : അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നയാളെ ആശുപത്രിയിലെത്തിക്കാൻ രാമപുരം പൊലീസ് തയ്യാറായില്ലെന്ന് പരാതി. ഒരു പൊലീസുകാരന്റെ തന്നെ അടുത്ത ബന്ധുവിനോടാണ് ഈ ക്രൂരത. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. വിഷുനാളിൽ ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് രാമപുരം വളക്കാട്ടുകുന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് ഓടയിൽ വീണത്. ബൈക്ക് യാത്രക്കാരനായ ജ്യോതിസിന് തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. രാമപുരത്തെ ബന്ധുവായ പൊലീസുകാരന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്നു ജ്യോതിസ്. പരിസരത്ത് ഉണ്ടായിരുന്ന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ സ്റ്റാലിൻ ഇയാളെ ആശുപത്രിയിലെത്തിക്കാൻ പൊലീസിന്റെ സഹായം തേടി. എന്നാൽ വാഹനമില്ലാത്തതിനാൽ വരാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്ക്ഡൗൺ കാലമായതിനാൽ മറ്റൊരു വാഹനം കണ്ടെത്തി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനും വൈകി. പാലായിലെത്തിയപ്പോൾ ബോധം മറഞ്ഞ ജ്യോതിസിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് കൊണ്ടുപോയി. സംഭവം വിവാദമായതോടെ ഇന്നലെ പൊലീസ് അപകടസ്ഥലത്തെത്തി മഹ്‌സർ രേഖപ്പെടുത്തി. അതേസമയം യുവാവ് പരിക്കേറ്റവിവരം അറിഞ്ഞിരുന്നെങ്കിലും തങ്ങളുടെ വാഹനം പിഴകിലായിരുന്നെന്നും തിരികെ സ്ഥലത്തെത്തിയപ്പോൾ പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോയെന്നും രാമപുരം പൊലീസ് പറഞ്ഞു.