കൊയ്ത്ത് യന്ത്രം കസ്റ്റഡിയിലെടുത്തു
കോട്ടയം : കൊയ്‌ത്ത് യന്ത്രവുമായി പോകുകയായിരുന്ന ലോറി ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി.
ഏറ്റുമാനൂർ പൊലീസിനെതിരെയാണ് തമിഴ്‌നാട് സ്വദേശികളായ ഡ്രൈവർമാർ പരാതി നൽകിയത്. കൊയ്‌ത്ത് യന്ത്രവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കിടങ്ങൂരിലെ പാടശേഖരത്തിലെ കൊയ്ത്തിന് ശേഷം യന്ത്രം കല്ലറയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഏറ്റുമാനൂരിലെ പാടശേഖരങ്ങളിൽ കൊയ്‌ത്തിന് ഇറങ്ങണമെന്നാവശ്യപ്പെട്ടാണ് പൊലീസ് വാഹനം തടഞ്ഞത്. തങ്ങൾ നേരത്തെ ബുക്ക് ചെയ്‌ത സ്ഥലത്തേയ്‌ക്കു പോകുകയാണെന്ന് ഡ്രൈവർമാർ പറഞ്ഞെങ്കിലും ക്ഷുഭിതനായ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു. കർഷകരും, കൊയ്ത്ത് യന്ത്രത്തിന്റെ ഇടനിലക്കാരും ഇടപെട്ടെങ്കിലും പൊലീസ് വാഹനം സ്റ്റേഷനിലേയ്ക്ക് മാറ്റി.