പാലാ: രാമപുരത്ത് ആശങ്ക ഉയർത്തി ഡെങ്കിപ്പനിയും ചിക്കൻ പോക്‌സും. രാമപുരം പഞ്ചായത്തിലെ കൂടപ്പുലം വാർഡിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3 പേർക്ക് ഇതിനകം രോഗം കണ്ടെത്തിയതോടെ ജില്ലാ ആരോഗ്യവകുപ്പ് ഈ മേഖലയിൽ ജാഗ്രത പുലർത്തുകയാണ്. മീനച്ചിൽ താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എടുത്തില്ലെങ്കിൽ കൊതുകുകളുടെ വ്യാപനം രൂക്ഷമാകും. ഇതിനെതിരെ ആരോഗ്യവകുപ്പ് ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ രാമപുരത്ത് കൂടപ്പുലം വാർഡിൽ ഫോഗിംഗ് നടത്തി. ഇന്ന് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റബർതോട്ടങ്ങളിലെ ചിരട്ടകൾ മറിച്ച് വെക്കുന്നതിനും വെള്ളം കെട്ടിനിൽക്കുന്നത് തടയാനും വൃത്തിഹീനമായ സാഹചര്യം ഓഴിവാക്കാനും നടപടി സ്വീകരിക്കും. ഡെങ്കിപ്പനിക്ക് പുറമെ രാമപുരത്തും വിവിധ പഞ്ചായത്തുകളിലും വ്യാപകമായി ചിക്കൻപോക്‌സും പടർന്ന് പിടിക്കുകയാണ്.