തലയോലപ്പറമ്പ്: ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സഹായവുമായി വാട്‌സാപ്പ് കൂട്ടായ്മ. വെള്ളൂർ പഞ്ചായത്തിലെ വടകര കേന്ദ്രീകരിച്ചുള്ള 'ചെയിൻ ഫോർ ചാരിറ്റി' വാട്‌സാപ്പ് കൂട്ടായ്മയാണ് സഹായവുമായി രംഗത്തെത്തിയത്. വെട്ടിക്കാട്ടുമുക്ക് മുതൽ നീർപ്പാറ വരെയുള്ള ആറു വാർഡുകൾ കേന്ദ്രീകരിച്ചാണ് സി എഫ് സി യുടെ പ്രവർത്തനം. രണ്ടാഴ്ചയ്ക്കിടെ ഇരുന്നൂറോളം നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. രോഗികൾക്ക് മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായവും എത്തിച്ചു നൽകുന്നുണ്ട്. കിടപ്പുരോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഇവർ സന്നദ്ധരാണ്. ഒന്നരലക്ഷത്തിൽ അധികം രൂപയുടെ പ്രവർത്തനങ്ങളാണ് രണ്ടാഴ്ചയ്ക്കിടെ നടത്തിയത്. ലോക്ക് ഡൗൺ കാരണം പലരും വീടുകളിൽ കുടുങ്ങിയതോടെ പ്രദേശത്തുള്ള നിർദ്ധന കുടുംബങ്ങൾ പട്ടിണിയിലാകാതിരിക്കാൻ ഇവർ വാട്‌സാപ്പിൽ ഒത്തൊരുമിക്കുകയായിരുന്നു. അൻപതോളം വോളന്റിയർമാരെ അണിനിരത്തിയാണ് പ്രവർത്തനം. ലോക്ക് ഡൗണിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ഇവരുടെ നീക്കം.