വൈക്കം: വ്യാജവാറ്റിനെതിരെ എക്‌സൈസ് വൈക്കത്ത് ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തി. ഉൾപ്രദേശങ്ങളിലെ ജലാശയങ്ങളും പാടശേഖരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ വൈക്കം മേഖലയിൽ ചാരായം വാറ്റിയതുമായി ബന്ധപ്പെട്ട് നിരവധി പേരെ എക്സൈസ് പിടികൂടിയിരുന്നു.

ജില്ലയിൽ ലോക്ക് ഡൗണിനോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ റെയ്ഡിൽ 2523 ലിറ്റർ വാഷും 24 ലിറ്റർ ചാരായവും 145 ലിറ്റർ വൈനും 15 ലിറ്റർ കള്ളും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു.റെയ്ഡുമായി ബന്ധപ്പെട്ട് 47 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് എക്‌സൈസ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ എ.ആർ.സുൾഫിക്കർ പറഞ്ഞു.ഇതിൽ വൈക്കത്താണ് കുടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി.എം.മജു, എക്‌സൈസ് ഇൻസ്‌പെക്ടർ റോയജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് വൈക്കത്ത് വ്യാജമദ്യ നിർമ്മാണത്തിനെതിരെ നടപടികളെടുത്തത്. വൈക്കത്തെ വെച്ചൂർ, തലയാഴം, ഉദയനാപുരം പഞ്ചായത്തുകളിൽ നടന്ന റെയ്ഡിൽ വാഷും ചാരായവും പിടികൂടിയിരുന്നു. വ്യാജവാറ്റ് മുമ്പ് സജീവമായിരുന്ന ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം, വൈപ്പാട മേൽ, മറവൻതുരുത്ത് പഞ്ചായത്തിലെ ഇടവട്ടം തുടങ്ങിയ സ്ഥലങ്ങളിലും എക്‌സൈസ് ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തി.