കോട്ടയം: 22 വർഷമായി ഓണവിഭവങ്ങൾ തിരുവോണത്തോണിയിലേറ്റി കുമാരനല്ലൂരിൽ നിന്ന് ആറന്മുളയപ്പന് എത്തിച്ചിരുന്ന കുമാരനല്ലൂർ മാങ്ങാട്ട് ഇല്ലം നാരായണ ഭട്ടതിരി മൺമറഞ്ഞതോടെ ചരിത്രത്തിന്റെ ഒരു ഏടുകൂടി മറിഞ്ഞു.
ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ആറന്മുളയിലെ തിരുവോണത്തോണിയുടേത്. കിഴക്കേ കാട്ടൂർ ഗ്രാമത്തിലെ മാങ്ങാട്ടു മഠം ഭട്ടതിരി തിരുവോണനാളിൽ ഒരു ബ്രാഹ്മണന് കാൽകഴുകിച്ചൂട്ട് നടത്തുന്ന പതിവുണ്ടായിരുന്നു. ഈ ആചാരം ഒരു തവണ മുടങ്ങി. ഊണു കഴിക്കാൻ ആരും എത്തിയില്ല. വ്രതം മുടങ്ങുന്നതിൽ ദുഃഖിതനായ ഭട്ടതിരി ആറന്മുള ഭഗവാനെ പ്രാർത്ഥിച്ച് ഓണനാളിൽ ഉപവസിക്കാൻ തീരുമാനിച്ചു.
അതോടെ തേജസ്വിയായ ഒരു ബാലൻ ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കാനെത്തി. അങ്ങനെ അത്തവണ കാൽകഴുകിച്ചൂട്ട് മുടങ്ങിയില്ല. ബാലൻ മടങ്ങുംമുമ്പ് ഭട്ടതിരിയോട് ഒരു ആവശ്യം ഉന്നയിച്ചു. ഇനിയുള്ള കാലം ഓണവിഭവങ്ങൾ തയാറാക്കി ആറന്മുളയിൽ എത്തിക്കണം. അന്ന് തന്നെ കാണാനെത്തിയത് ഭഗവാനാണെന്ന് ഭട്ടതിരിക്ക് സ്വപ്ന ദർശനമുണ്ടായി. അടുത്ത വർഷം മുതൽ മാങ്ങാട്ടു ഭട്ടതിരി ഓണ വിഭഗങ്ങൾ തോണിയിൽ നിറച്ച് ആറന്മുള ക്ഷേത്രത്തിലേക്കു തിരിച്ചു. ഉത്രാടം നാളിൽ പുറപ്പെട്ട് തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിലെത്തുംവിധമായിരുന്നു യാത്ര. അന്നു തുടങ്ങിയ ആചാരം ഇന്നും തനിമ വിടാതെ തുടരുകയാണ്.
തിരുവോണനാളിൽ പുലർച്ചെ തിരുവോണത്തോണി ആറന്മുള ക്ഷേത്രക്കടവിലെത്തും. തിരുവോണത്തോണിയെ വണങ്ങാനും സ്വീകരിക്കാനും ആയിരങ്ങളാണ് ഉത്രാടരാത്രിയിൽ പമ്പാതീരത്ത് ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്നത്. തോണി മധുക്കടവിലെത്തിയശേഷം ആചാരപ്രകാരമുള്ള സ്വീകരണം. തുടർന്നു ഭഗവാൻ പള്ളിയുണരുന്നതോടെ സദ്യവട്ടങ്ങൾക്ക് ഒരുക്കമാകും. തിരുവോണത്തോണിയിൽ കൊണ്ടുവരുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ആറന്മുളയപ്പന് സദ്യയൊരുക്കുന്നത്. അത്താഴപൂജ കഴിഞ്ഞു പൂജാരിയിൽനിന്നു പണക്കിഴിയും വാങ്ങിയാണു ഭട്ടതിരിയുടെ മടക്കം.
കാട്ടൂരിലെ 18 നായർ കുടുംബങ്ങൾക്കാണ് തിരുവോണ തോണിയിലേക്കുള്ള വിഭവങ്ങൾ സമർപ്പിക്കുന്നതിനുള്ള അവകാശം. മാങ്ങാട്ട് നാരായണ ഭട്ടതിരി ആദ്യം വിഭവങ്ങൾ വീതിക്കും. മൂന്നിൽ രണ്ട് ഭാഗം ആറൻമുളയിലേയ്ക്കും ഒരു ഭാഗം ഭട്ടതിരിക്കും ഉള്ളതാണ്. വിഭവങ്ങളും കാട്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള ഭദ്രദീപവുമായി ഭട്ടതിരി തിരുവോണ തോണിയിൽ പുറപ്പെടും. തിരുവോണ ദിവസം പുലർച്ചെ 5.30 ഓടെ തിരുവോണ തോണി ക്ഷേത്ര കടവിൽ എത്തുമ്പോൾ ആറന്മുളയിലെ എല്ലാ ദീപങ്ങളും അണച്ച് തിരുവോണ തോണിയിൽ നിന്നുള്ള ഭദ്രദീപം കെടാവിളക്കിലേക്ക് പകരും. അത്താഴ പൂജയ്ക്ക് ശേഷം ക്ഷേത്രം മേൽശാന്തിയിൽ നിന്ന് ഏറ്റുവാങ്ങുന്ന പണക്കിഴി ഭട്ടതിരി ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ച് കുമാരനെല്ലുരിലേക്ക് മടങ്ങും.