കോട്ടയം: പത്തനംതിട്ടക്കൊപ്പം കൊവിഡ് സ്ഥിരീകരിച്ച ജില്ല. പക്ഷേ, ഒരുമാസം തികയും മുമ്പേ രോഗത്തെ പമ്പ കടത്തി കോട്ടയം ഗ്രീൻ സോണിലെത്തി. ചികിത്സാമികവുകൊണ്ട് ലോകശ്രദ്ധനേടിയ കോട്ടയം മെഡിക്കൽ കോളേജിന്റെ കിരീടത്തിലെ പൊൻതൂവൽകൂടിയായി ഈ പോരോട്ടം.
റാന്നി ഐക്കര സ്വദേശികളിൽ നിന്നാണ് ബന്ധുക്കളായ ചെങ്ങളത്തെ റോബിനും ഭാര്യ റീനയ്ക്കും രോഗം ബാധിച്ചത്. മാർച്ച് എട്ടിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇവരുടെ ബന്ധുക്കളായ 93 കാരൻ തോമസിനെയും 88കാരിയായ ഭാര്യ മറിയാമ്മയെയും പത്തനംതിട്ടയിൽ നിന്ന് ഇവിടെയെത്തിച്ചു. മൂന്നാഴ്ച കൊണ്ട് റോബിനും റീനയും കൊവിഡിനെ തോൽപ്പിച്ചു. പത്ത് ദിവസം കൂടിക്കഴിഞ്ഞപ്പോൾ സുഖംപ്രാപിച്ച തോമസും മറിയാമ്മയും ചരിത്രമെഴുതി. ഇവരെ ചികിത്സിച്ച നഴ്സ് രേഷ്മയ്ക്ക് രോഗം ബാധിച്ചത് ഏവരെയും സങ്കടപ്പെടുത്തിയെങ്കിലും നിറചിരിയോടെ രേഷ്മ വീണ്ടും ജോലിക്ക് വരാനുള്ള ഒരുക്കത്തിലാണ്.
രാവും പകലുമില്ലാതെ ഓടി നടക്കുന്ന കളക്ടർ പി.കെ.സുധീർ ബാബു, ആരോഗ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡി.എം.ഒ ഡോ. ജേക്കബ് വറുഗീസ്, ആളുകളെ വീട്ടിലിരുത്തിയ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജയകുമാർ, ആർ.എം.ഒ ആർ.പി. രഞ്ജിൻ, കൊവിഡ് ചികിത്സാ വിഭാഗം നോഡൽ ഓഫീസർ ഡോ.ആർ. സജിത് കുമാർ എന്നിവർക്കും കൊടുക്കണം കൈയടി.