കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സെക്കൻഡ് ഹാൻഡ് വാഹന വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കർസ് അസോസിയേഷൻ. ഇടനിലക്കാരും, വാഹനം വാങ്ങി വിൽക്കുന്നവരും, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പടെ ഈ മേഖലയെ ആശ്രയിച്ച് ആയിരക്കണക്കിനാളുകളാണ് ഉപജീവനം നടത്തുന്നത്. ക്ഷേമപെൻഷനോ മറ്റു പ്രത്യേക ആനുകൂല്യങ്ങളോ ഇവർക്ക് ലഭിക്കുന്നില്ല. ബാങ്ക് ലോൺ ഉൾപ്പടെ വലിയ തുക വായ്പയെടുത്ത് വാഹനം വാങ്ങി കച്ചവടം നടത്തുന്നവരുടെ നിലനിൽപ്പ് പോലും പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും താത്ക്കാലിക ആശ്വാസം എന്ന നിലയ്ക്ക് അടിയന്തര ധനസഹായം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് ഷിബു കെ.വി കടവുപുഴ ആവശ്യപ്പെട്ടു.