obit
മങ്ങാട്ട് ഭട്ടതിരി

കോട്ടയം: രണ്ടു പതിറ്റാണ്ടായി ആറന്മുളയപ്പന് തിരുവോണസദ്യക്കുള്ള വിഭവങ്ങൾ എത്തിക്കുന്ന ആചാരം അനുഷ്ഠിച്ചിരുന്ന കുമാരനല്ലൂ‌‌ർ മങ്ങാട്ട് ഇല്ലത്തെ എം.ആർ നാരായണഭട്ടതിരി (മുൻ മാനേജർ, കൊല്ലാട് സർവീസ് സഹകരണ ബാങ്ക് - 70) നിര്യാതനായി.കുറച്ചുനാളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: പ്രസന്നകുമാരി (റിട്ട.പഞ്ചാബ് നാഷണൽ ബാങ്ക് ) മകൻ:അനൂപ് (ബംഗളൂരു), മകൾ: അമിത (ടെക്‌നോ പാർക്ക് തിരുവനന്തപുരം). മരുമക്കൾ: ഗീതിക (കോഴിക്കോട്), നീരജ് (ടെക്‌നോ പാർക്ക് തിരുവനന്തപുരം).

കുമാരനല്ലൂരിലെ മങ്ങാട്ട് ഇല്ലത്തു നിന്ന് നാരായണഭട്ടതിരിയാണ് 21 വർഷമായി വിഭവങ്ങൾ കൊണ്ടുപോയിരുന്നത്. പിതാവ് ഇരവി ഭട്ടതിരിപ്പാടിൽ നിന്ന് സിദ്ധിച്ച അവകാശം അനുജൻ ബാബു ഭട്ടതിരിയാവും തുടർന്ന് അനുഷ്ഠിക്കുക.

ചിങ്ങമാസത്തിലെ മൂലം നാളിൽ മീനച്ചിലാറ്റിലെ കുമാരനല്ലൂർ കടവിൽ നിന്നാണ് തിരുവോണത്തോണി പുറപ്പെടുന്നത്. കൊടൂരാറും മണിമലയാറും കടന്ന് ചെങ്ങന്നൂർ ആറാട്ട്പുഴ വഴി പമ്പാനദിയിൽ പ്രവേശിക്കും. അന്ന് ആറൻമുളയിൽ തങ്ങും. പിറ്റേന്ന് പമ്പാനദിയിലൂടെ കാട്ടൂരിലെത്തും. മങ്ങാട്ട് ഇല്ലം ഇവിടെ ആയിരുന്ന വേളയിൽ ആറൻമുളയപ്പൻ ഓണസദ്യ ഉണ്ണാൻ ഇല്ലത്ത് എത്തിയെന്നാണ് ഐതിഹ്യം. ഉത്രാട സന്ധ്യയിൽ പള്ളിയോടങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട് തിരുവോണത്തിന് പുലർച്ചെ ആറൻമുള ക്ഷേത്രത്തിലെത്തും. തോണിയിലെ വിഭവങ്ങൾ കൊണ്ട് ഓണസദ്യ ഒരുക്കി ദേവന് സർപ്പിക്കുന്നതാണ് ചടങ്ങ്.