പാലാ: ജനറൽ ആശുപത്രിക്കായി ഐ.സി.യൂണിറ്റ്, ജംമ്പോ ഒക്‌സിജൻ സിലിണ്ടറുകൾ എന്നിവയ്ക്കായി എം.പി.ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകിയതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ, പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണം, മാസ്‌കുകൾ, ഗ്ലൗസുകൾ, സാനിറ്റൈസർ എന്നിവയ്ക്കായും തുക വകയിരുത്തിയിരുന്നു.

ആധുനിക സംവിധാനങ്ങളോടുകൂടിയ 6 കിടക്കകളും പോർട്ടബിൾ വെന്റിലേറ്ററും ഉള്ള ഐ.സി.യൂണിറ്റാകും പാലാ ആശുപത്രിക്കായി ലഭ്യമാവുക. മൾട്ടി പരാമോണിറ്റർ, ക്രാഷ് കാർട്ട്, ഡെഫിബ്രിലേറ്റർ, സക്ഷൻ അപ്പാരറ്റസ്, ഇൻഫ്യൂഷൻ പമ്പ് ,സിറിഞ്ച് പമ്പ് എന്നിവ ഉൾപ്പെടെയാണിവ. ഓക്‌സിജൻ ഗ്യാസ് പൈപ്പ് ലൈനും സ്ഥാപിക്കും.

പാലാ ജനറൽ ആശുപത്രിയിൽ നിലവിൽ പ്രത്യേക ഐ.സി.യൂണിറ്റ് ഇല്ലാത്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ആവശ്യം പരിഗണിച്ച് തുക ലഭ്യമാക്കിയിരിക്കുന്നതെന്ന് ജോസ്.കെ.മാണി പറഞ്ഞു. ഈ തുക വിനിയോഗിച്ച് ആരോഗ്യ വകുപ്പ് നേരിട്ടാവും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം അറിയിച്ചു.തുടർ നടപടികൾക്ക് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

 5 ലക്ഷം

പേഴ്‌സണൽ പ്രൊട്ടക്ഷൻ (പി.പി.ഇ) ഉപകരണം വാങ്ങാൻ എം.പി ഫണ്ടിൽ നിന്നും പാലാ ജനറൽ ആശുപത്രിക്കായി അനുവദിച്ച അഞ്ച് ലക്ഷം രൂപയുടെ പ്രവർത്തികൾക്കും ജില്ലാ കളക്ടർ ഭരണാനുമതി നൽകിയതായി തോമസ് ചാഴികാടൻ എം.പിയും അറിയിച്ചു.

990 പി.പി.ഇ കളാവും വാങ്ങുക. ആരോഗ്യ വകുപ്പ് നേരിട്ടാവും ഇവ വാങ്ങുന്നത്.ജനറൽ ആശുപത്രി അധികൃതരുടെ അവശ്യത്തെ തുടർന്നാണ് തുക ലഭ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു