കോട്ടയം: കൂട്ടമായിറങ്ങി പ്രതിസന്ധിയുണ്ടാക്കിയ പായിപ്പാട്ടെ അന്യസംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് കളക്ടർ പി.കെ.സുധീർ ബാബുവും ജില്ലാ പൊലീസ് മേധാവി ജെ.ജയദേവും. ഭക്ഷ്യവസ്തുക്കളും വെള്ളവും ആവശ്യത്തിനുണ്ടെന്നും നിലവിൽ പരാതികൾ ഒന്നുമില്ലെന്നും ഇരുവരും പറഞ്ഞു.

ലോക്ക് ഡൗൺ തീരുന്നതുവരെ നാലു ദിവസത്തിലൊരിക്കൽ അരിയും പലവ്യഞ്ജന സാധനങ്ങളും

ജില്ലാ ഭരണകൂടം ക്യാമ്പുകളിൽ ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവശ്യത്തിന് വെള്ളം നൽകുന്നുണ്ട്. ദൗർലഭ്യമുള്ളതിനാൽ വെള്ളത്തിന്റെ ഉപയോഗത്തിൽ പാലിക്കേണ്ട നിയന്ത്രണം സംബന്ധിച്ച് തൊഴിൽ വകുപ്പും പഞ്ചായത്തും തൊഴിലാളികളെ ബോധവത്കരിക്കണമെന്ന് കളക്ടർ നിർദേശിച്ചു.

ഏതെങ്കിലും ക്യാമ്പുകളിൽ ആവശ്യത്തിന് വെള്ളം ഇല്ലെങ്കിൽ എത്തിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. കെട്ടിട ഉടമകൾ തൊഴിലാളികളോട് വാടക ഈടാക്കാൻ പാടില്ലെന്ന് കളക്ടർ പറഞ്ഞു.

ലോക്ക് ഡൗൺ തീരുന്നതുവരെ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കളക്ടറും ജില്ലാ പോലീസ് മേധാവിയും തൊഴിലാളികളോടു പറഞ്ഞു. ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു, ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.