പൊൻകുന്നം: ശില്പി അത്ര പ്രശസ്തനൊന്നുമായിരുന്നില്ല. പ്രശസ്തി തേടിപോയിട്ടുമില്ല. പക്ഷേ അദ്ദേഹത്തിന്റെ ശില്പങ്ങൾ അതിപ്രശസ്തമായിരുന്നു. ആ ശില്പങ്ങളിലൂടെ പേരും പ്രശസ്തിയും ബാക്കിയാക്കി പനമറ്റം കേശവൻകുട്ടി കടന്നുപോയി. പൊൻകുന്നം ജനകീയ വായനശാലാങ്കണത്തിൽ സ്ഥാപിച്ച ഗാന്ധിപ്രതിമ കേശവൻകുട്ടിയുടെ ശിൽപ്പവൈദഗ്ദ്ധ്യത്തിന്റെ തെളിവ്. പനമറ്റം ദേശീയ വായനശാലയിൽ സ്ഥാപിച്ച മാതൃസ്നേഹം എന്ന ശിൽപ്പവും ആ ശിൽപ്പചാതുരി വിളിച്ചോതുന്നതാണ്.

കേശവൻകുട്ടി കവിയും ചിത്രകാരനുമായിരുന്നു. കൗമാരകാലം മുതൽ ആനുകാലിക പ്രശ്നങ്ങളും സാമൂഹിക വിമർശനവും പ്രമേയമാക്കിയ കവിതകൾ എഴുതിത്തുടങ്ങി. താൻ നേരിട്ട യാതനകളും ജാതിവിവേചനവുമൊക്കെ പ്രമേയമാക്കി. വിൽപ്പാട്ട് കലയ്ക്കു വേണ്ടിയും ഗാനങ്ങൾ എഴുതി. അപ്രകാശിത കവിതകൾ ശേഖരിച്ച് പനമറ്റം ദേശീയവായനശാല അപരിചിതൻ എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേശവൻകുട്ടിയുടെ 'മാതൃസ്നേഹം' എന്ന ശിൽപ്പം ദേശീയവായനശാലയിൽ സൂക്ഷിച്ചിട്ടുമുണ്ട്.