കോട്ടയം: ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ലീഗൽ മെട്രോളജി, പൊതുവിതരണ വകുപ്പുകളും വിജിലൻസും നടത്തിയ സംയുക്ത പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. പിഴയിനത്തിൽ 1.16 ലക്ഷം രൂപ ഈടാക്കി.

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുക, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ വിലയും മറ്റു വിവരങ്ങളും പ്രദർശിപ്പിക്കാതെ വിൽക്കുക, മുദ്ര ചെയ്യാത്തതും മതിയായ രേഖകളില്ലാത്തതുമായ ത്രാസ് ഉപയോഗിക്കുക തുടങ്ങിയ ക്രമക്കേടുകൾക്കാണ് നടപടി. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ വില തിരുത്തിയ ഒരു വ്യാപാര സ്ഥാപനത്തിനെതിരെയും കേസെടുത്തു.
ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി സന്തോഷ്, എം. സഫിയ, വിജിലൻസ് ഇൻസ്‌പെക്ടർമാരായ അജിത്ത് കുമാർ, ഇന്ദ്രജിത്ത്, അജീബ്, റേഷനിംഗ് ഇൻസ്‌പെക്ടർ ജോമോൻ ജോസഫ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരായ ഷിന്റോ ഏബ്രഹാം, കെ. സജീവ്, ബുഹാരി, ജീവനക്കാരായ മനോജ്, ജോൺസൺ, രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പതിമൂന്നു രൂപ വില നിശ്ചയിച്ചിട്ടുള്ള കുപ്പിവെള്ളത്തിന് 20 രൂപവരെ വാങ്ങുന്നതായി പരിശോധനയിൽ കണ്ടെത്തി. വെള്ളം തണുപ്പിച്ചു നൽകുന്നുവെന്ന കാരണം പറഞ്ഞാണ് പലരും അമിത വില ഈടാക്കുന്നത്. തണുത്ത വെള്ളത്തിനും 13 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ പറഞ്ഞു.