കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിൽ അല്പം ആശ്വാസം ലഭിച്ചപ്പോൾ കോട്ടയം ജില്ലയിലെ രാമപുരത്ത് ഡെങ്കിപ്പനി പടരുന്നു, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് രാമപുരത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാമപുരം പഞ്ചായത്തിലെ 15,16 വാർഡുകളായ കൂടപ്പുലം പ്രദേശത്താണ് ഡെങ്കിപ്പനി പടരുന്നത്. ഇപ്പോൾ ഏഴുപേരാണ് ചികിത്സയിൽ ആശുപത്രികളിൽ കഴിയുന്നത്. ഈ പഞ്ചായത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര ഭാഗത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നു പേർക്ക് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. ഇവിടെ ഒരാൾ പനിബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
അരീക്കരയുടെ തുടർച്ചയായിട്ടാണ് കൂടപ്പുലത്ത് പനിയെത്തിയതെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന സൂചന. കുടക്കച്ചിറ ഭാഗത്ത് 5 പേർക്കും ഉഴവൂർ ടൗൺ ഭാഗത്ത് 4 പേർക്കും കഴിഞ്ഞയാഴ്ച ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മാർച്ച് 23നാണ് രാമപുരം സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആദ്യ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് ഈ മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡെങ്കി പടന്ന കൂടപ്പുലം വാർഡിൽ ഇന്നലെ ആരോഗ്യവകുപ്പ് ഫോഗിംഗ് നടത്തി.