സൗജന്യമായി വിതരണം ചെയ്തത് എണ്ണായിരം മാസ്ക്കുകൾ
പാലാ: ' മാസ്‌ക്ക് വേണോ മാസ്‌ക്ക്.... ' കളരിക്കൻ കടന്നുവരികയാണ് ആയിരക്കണക്കിനു മാസ്‌ക്കുകളുമായി ....!ആവശ്യക്കാരെത്തേടി മാസ്‌ക്കുകളുമായി ജോയി കളരിക്കൽ ഈ കൊവിഡ് കാലത്ത് യാത്രയിലാണ്. കഴിഞ്ഞ 31 ദിവസമായി ജോയിയുടെ ദിനചര്യയാണിത്. വഴി നീളെ മാസ്‌ക്ക് വിതരണം, അതും തികച്ചും സൗജന്യമായി !.വലവൂർ കളരിക്കൽ ജോയി എന്ന പൊതുപ്രവർത്തകൻ തയ്യൽ മെഷീൻ മെക്കാനിക്കും തയ്യൽ തൊഴിലാളിയുമാണ്. നിരവധി ജനകീയ വിഷയങ്ങൾക്ക് പരിഹാരം കണ്ട പാലാ പൗരാവകാശ സമിതിയുടെ പ്രസിഡന്റും. ആൾ കേരളാ ടെയ് ലേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും മൂന്നു പതിറ്റാണ്ടായി പാലാ ഏരിയാ സെക്രട്ടറിയുമായ കളരിക്കൽ സംഘടനയോടൊപ്പം ചേർന്ന് തയ്യൽ തൊഴിലാളികളുടെ സഹകരണത്തോടെ ജില്ലയിലെമ്പാടും കാൽ ലക്ഷം മാസ്‌കുകൾ ഇതിനോടകം വിതരണം ചെയ്തു.
ഇതിനിടെയാണ് സ്വന്തം ചിലവിൽ തുണിയും മറ്റു സാധനങ്ങളും വാങ്ങി നൽകി സഹപ്രവർത്തകരായ തൊഴിലാളികളെക്കൊണ്ടും ഇദ്ദേഹം ആയിരക്കണക്കിനു മാസ്‌കുകൾ തുന്നിച്ചത്. പൊലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയ ജില്ലയിലെമ്പാടും മാസ്‌ക്കുകളുമായി ദിവസവും ജോയി കടന്നു ചെല്ലുകയാണ്. ഇന്നലെ വരെ എണ്ണായിരത്തോളം മാസ്‌ക്കുകൾ സൗജന്യമായി വിതരണം ചെയ്തു. ' നാളെ മുതൽ കോട്ടയം ജില്ലയിൽ ലോക്ക് ഡൗണിൽ ഇളവുവരുന്നതിനാൽ പൊതുജനങ്ങൾക്ക് കൂടുതൽ മാസ്‌ക്ക് വേണ്ടിവരും. പാവപ്പെട്ടവർ താമസിക്കുന്ന കോളനികളിൽക്കൂടി വരും ദിവസങ്ങളിൽ കുറെയേറെ മാസ്‌ക്കുകൾ വിതരണം ചെയ്യണമെന്നുണ്ട് ' ജോയി കളരിക്കൽ പറഞ്ഞു. വഴിമധ്യേ പൊലീസുകാരും ആരോഗ്യ വകുപ്പ് ജീവനക്കാരുമൊക്കെയാണ് ജോയിക്ക് ഭക്ഷണം വാങ്ങി നൽകുന്നത്. ഭാര്യ അച്ചാമ്മ കമ്പ്യൂട്ടർ എൻജിനീയർമാരായ മക്കൾ അജോ , സിജോ എന്നിവർ ജോയിയുടെ കാരുണ്യ യാത്രയ്ക്ക് എല്ലാവിധ പിന്തുണയുമേകുന്നു. മാസ്ക്കുകൾ സൗജന്യമായി ലഭിക്കാൻ ജോയിയെ വിളിക്കാം. ഫോൺ 9747092113